ദ്രുതകർമ സേന ഐജിയായി ആലപ്പുഴക്കാരി  ആനി ഏബ്രഹാം 

By: 600021 On: Nov 6, 2022, 6:08 PM

ചരിത്രത്തിൽ ആദ്യമായി സിആർപിഎഫ് വനിതാ ഓഫീസർമാരെ   ഐജി റാങ്കിൽ നിയമിച്ചത്  അഭിമാനമുഹൂർത്തമാവുന്നു. ഐജി റാങ്ക് നേടിയ രണ്ട് വനിതകളിൽ ഒരാളായ ആലപ്പുഴക്കാരി ആനി ഏബ്രഹാമിനെയാണ്  ദ്രുതകർമ സേനയുടെ ഐജിയായി നിയമിച്ചത്.നിലവിൽ ഡിഐജിയായി സേവനമനുഷ്ഠിക്കുന്ന ആനി മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്.കൂടാതെ ഇന്റലിജൻസ് ഐജി, ഡിഐജി, വിജിലൻസ് എന്നീ നിലകളിലും യുഎൻ മിഷനുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ സേനയുടെ ഭാഗമായ ആദ്യ ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് ആനി.

ആനി ഏബ്രഹാമിനൊപ്പം സീമ ധുണ്ടിയയാണ് ഐജിയായി സ്ഥാനക്കയറ്റം നേടിയ രണ്ടാമത്തെ വനിത.സിആർപിഎഫിൽ 1986ലാണ് ആദ്യമായി മഹിളാ ബറ്റാലിയൻ സൃഷ്ടിച്ചത്. ആറ് വനിതാ ബറ്റാലിയനുകളിലായി ആറായിരം വനിതാ സേനാംഗങ്ങൾ സിആർപിഎഫിലുണ്ട്.

ഭോപ്പാൽ ബിഎച്ച്ഇഎലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ചമ്പക്കുളം കിഴക്കേവേലിത്തറ കുടുംബാഗമായ  കെ. ജെ. ഏബ്രഹാമിൻറെയും ചേർത്തല കൈമാപറമ്പിൽ കുടുംബാംഗമായ  ഏലിയാമ്മ ഏബ്രഹാമിന്റെയും മകളാണ് ആനി ഏബ്രഹാം.