ഭക്തജനങ്ങള്‍ കാണിക്കയായി വലിയ തോതില്‍ സ്വര്‍ണ്ണം അര്‍പ്പിക്കുന്നതോടെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ദ്ധിക്കുകയാണ്. ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം ഭൂസ്വത്തുക്കളും, കെട്ടിടങ്ങളും, ബാങ്കില്‍ നിക്ഷേപിച്ച പണവും സ്വര്‍ണ്ണവും ഉള്‍പ്പെടെ ക്ഷേത്രത്തിന്‍റെ സ്വത്തുക്കള്‍ 2.5 ലക്ഷം കോടിയാണ്.സ്വര്‍ണ്ണത്തിന്‍റെ പഴക്കവും, പുരാവസ്തുക്കളുടെ മൂല്യവും ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ എന്നിവ കൂടാതെയുള്ള കണക്കാണ് ഇത്.
2022ലെ കണക്ക് പ്രകാരം തിരുപ്പതി ക്ഷേത്രത്തിന്‍റെതായി നിക്ഷേപിച്ചിരിക്കുന്നത് 10.25 ടണ്‍ സ്വര്‍ണ്ണമാണ്. വിവിധ ബാങ്കുകളിലെ ഫിക്സ്ഡ് ഡെപ്പോസിറ്റുകളുടെ പലിശയും വരുമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ക്ഷേത്ര ഭരണാധികാരികള്‍ പറയുന്നത്. സ്ഥലവും കെട്ടിടങ്ങളുമായി തിരുപ്പതി ദേവസ്വത്തിന് 900 സ്വത്തുക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ദില്ലി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു.