കാനഡയില്‍ ഇതാദ്യം: ബീസിയില്‍ ഡെലിവറി ഫീസ് പരിമിതപ്പെടുത്താന്‍ പുതിയ നിയമം

By: 600002 On: Nov 5, 2022, 11:28 AM


റെസ്റ്റോറന്റ് മേഖലകളെ പിന്തുണയ്ക്കുന്നതിനായി ബീസിയില്‍ പുതിയ നിയമം. ഡെലിവറി ആപ്പുകള്‍ ഈടാക്കുന്ന ഫീസ് പരിമിതപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമത്തിന് ഉത്തരവിട്ടിരിക്കുന്നത്. കാനഡയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു നിയമം വന്നിരിക്കുന്നത്. 

ഫുഡ് ഡെലിവറി സര്‍വീസ് ഫീ ആക്ട് പ്രകാരം, ബീസിയിലെ റെസ്റ്റോറന്റുകള്‍ക്ക് പ്രധാന സേവനങ്ങള്‍ക്കായി ഡെലിവറി കമ്പനികള്‍ ഈടാക്കുന്ന ഫീസ്, ഫുഡ് ഓര്‍ഡര്‍ മൂല്യത്തിന്റെ 20 ശതമാനം കവിയാന്‍ പാടില്ല. നിയമത്തിന് വെള്ളിയാഴ്ച അന്തിമ അംഗീകാരം ലഭിച്ചു. 

ഈ മേഖലക്കും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറി ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ ജോലി സ്ഥിരതയും ഉറപ്പും നല്‍കുന്നതില്‍ കാനഡയെ പിന്തുണയ്ക്കുകയാണ് നിയമത്തിലൂടെ തങ്ങളെന്ന് ബീസി ജോബ്‌സ് ഇക്കണോമിക് റിക്കവറി ആന്‍ഡ് ഇന്നൊവേഷന്‍ മിനിസ്റ്റര്‍ രവി കഹ്ലോണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2020 ഡിസംബറില്‍ പ്രവിശ്യ ആദ്യമായി ഡെലിവറി ഫീസില്‍ ഒരു താല്‍ക്കാലിക പരിധി അവതരിപ്പിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ റെസ്‌റ്റോറന്റുകളെ ടേക്ക്-ഔട്ട് ഓര്‍ഡറുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കി. അക്കാലയളവില്‍ ഡെലിവറി ഫീസ് 30 ശതമാനം വരെ ഉയര്‍ന്നതായിരുന്നു.