വിദേശത്തും സ്വദേശത്തും സ്റ്റാറായി ചൈനീസ്  സംരംഭക

By: 600021 On: Nov 5, 2022, 5:25 PM

ലാവോ ഗാന്‍ മാ സ്പൈസി ചില്ലി ക്രിസ്പി എന്ന സോസ് വിദേശത്തും സ്വദേശത്തും ഒരു പോലെ പ്രിയങ്കരമാണ് . താവോ ഹുആബി എന്ന ചൈനീസ് സംരംഭകയാണ് ചൈനക്കാരുടെയും അമേരിക്കക്കാരുടെയും ഈ പ്രിയ വിഭവം തയ്യാറാക്കിയത്. കറുത്ത നിറത്തിലുള്ള വറുത്ത അരിഞ്ഞ മുളകോട് കൂടിയ ഈ സോസിന് ആവശ്യക്കാര്‍ ഏറെയാണ്.പീനട്ട്, സോയാ ബീന്‍, എംഎസ്ജി, എണ്ണ എന്നിവയ്ക്കൊപ്പം വറുത്ത മുളകുമാണ് ഈ സോസിന്‍റെ പ്രധാന ഘടകങ്ങള്‍.

ഫോബ്സ് കണക്കുകള്‍ പ്രകാരം 1.05 ബില്യണ്‍ ഡോളറാണ് ഒരോ വര്‍ഷവും ഈ സോസ് വിറ്റ് താവോ ഹുആബി സമ്പാദിക്കുന്നത്. എഴുത്തും വായനയും അറിയില്ലാത്ത ഇവർ തെരുവുകളില്‍ നൂഡില്‍സ് വിറ്റാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത് . നൂഡില്‍സിനൊപ്പമുള്ള താവോയുടെ സോസിന് അന്നേ വൻ  ഡിമാന്‍ഡ് ആണ് .  സോസ് ബോട്ടിലുകളിലാക്കി ട്രെക്ക് ഡ്രൈവര്‍മാര്‍ക്ക് സൌജന്യമായി നല്‍കി തുടങ്ങിയ  താവോയുടെ മാര്‍ക്കറ്റിംഗ്, സോസ് നിര്‍മ്മാണ ഫാക്ടറി,ലാവോ ഗാന്‍ മാ സ്പെഷല്‍ ഫുഡ് സ്റ്റഫ്  കമ്പനി എന്നിങ്ങനെയായി വളരുകയായിരുന്നു.താവോയുടെ ചിത്രം തന്നെയാണ് സോസിന്‍റെ കുപ്പിയിലും ഒട്ടിച്ചിരിക്കുന്നത്. 

ചൈനാക്കാര്‍ക്ക് അവരുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഈ സോസെന്നതാണ്  ലാവോ ഗാന്‍ മായുടെ വിജയ രഹസ്യമെന്നാണ് ചൈനീസ് സ്റ്റഡീസ് പ്രൊഫസറായ മിറാന്‍ഡ ബ്രൌണ്‍ പറയുന്നത്.