കാല്‍ഗറിയില്‍ കുട്ടിക്ക് ലഭിച്ച ഹാലോവീന്‍ മിഠായിയില്‍ സൂചി കണ്ടെത്തി 

By: 600002 On: Nov 5, 2022, 10:55 AM


ബീസിയിലെ റിച്ച്മണ്ടില്‍ ടിഎച്ച്‌സി കലര്‍ന്ന ഹാലോവീന്‍ മിഠായി കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ കാല്‍ഗറിയില്‍ ഒരു കുട്ടിക്ക് ട്രിക്ക്-ഓര്‍-ട്രീറ്റിന് ലഭിച്ച മിഠായിയില്‍ തയ്യല്‍ സൂചി കിട്ടിയതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. പനോരമ ഹില്‍സില്‍ താമസിക്കുന്ന സ്ത്രീയാണ് തന്റെ കുട്ടിക്ക് ലഭിച്ച മിഠായില്‍  സൂചി കണ്ടെത്തിയതായി പോലീസില്‍ വിവരമറിയിച്ചത്. 

ട്രിക്ക്-ഓര്‍-ട്രീറ്റിനായി കുട്ടി നൂറോളം വീടുകളില്‍ കയറിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവിടെ നിന്നും ലഭിച്ച മിഠായികളിലൊന്നിലാണ് സൂചി കണ്ടെത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മിഠായി എവിടെ നിന്നുമാണ് ലഭിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ മിഠായില്‍ മന:പൂര്‍വ്വം ആരെങ്കിലും സൂചി വെച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. 

ബുധനാഴ്ച റോക്കി മൗണ്ടെയ്ന്‍ ഹൗസിലെ രക്ഷിതാവ് ഫെന്റനൈല്‍ അടങ്ങിയ ഹാലോവീന്‍ മിഠായി കണ്ടെത്തിയിരുന്നു. തന്റെ കുട്ടിക്ക് ലഭിച്ച മിഠായികള്‍ പരിശോധിച്ചപ്പോള്‍ ഫെന്റനൈല്‍ പദാര്‍ത്ഥത്തിന്റെ മൂന്ന് കഷ്ണങ്ങള്‍ മിഠായികള്‍ക്കിടയില്‍ കണ്ടെത്തിയതായി ആല്‍ബെര്‍ട്ട ആര്‍സിഎംപി പറയുന്നു. ഇതിനു പിന്നാലെയാണ് കാല്‍ഗറിയില്‍ മിഠായില്‍ നിന്നും സൂചി കണ്ടെത്തിയിരിക്കുന്നത്. 

ഇത്തരത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച് മിഠായികള്‍ പരിശോധിക്കുവാനും എന്തെങ്കിലും തരത്തില്‍ സംശയാസ്പദമായി കണ്ടെത്തുന്ന മിഠായികള്‍ ഉടന്‍ വലിച്ചെറിയുകയോ അത് പോലീസില്‍ അറിയിക്കുകയോ ചെയ്യണമെന്നും അധികൃതര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.