ഗോ ബസ് ജീവനക്കാരുടെ പണിമുടക്ക്: തിങ്കളാഴ്ച ബസ് സര്‍വീസ് ഉണ്ടാകില്ലെന്ന് മെട്രോലിങ്ക്‌സ് 

By: 600002 On: Nov 5, 2022, 10:23 AM

 

ആയിരക്കണക്കിന് ഗോ ട്രാന്‍സിറ്റ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ബസ് സര്‍വീസ് ഉണ്ടാകില്ലെന്ന് മെട്രോലിങ്ക്‌സ് അറിയിച്ചു. 2,200 സ്‌റ്റേഷന്‍ അറ്റന്‍ഡന്റുകള്‍, ബസ് ഓപ്പറേറ്റര്‍മാര്‍, മെയിന്റനന്‍സ് തൊഴിലാളികള്‍, ട്രാന്‍സിറ്റ് സേഫ്റ്റി ഓഫീസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അമാല്‍ഗമേറ്റഡ് ട്രാന്‍സിറ്റ് യൂണിയന്‍(ATU)  ലോക്കല്‍ 1587, മെട്രോലിങ്ക്‌സുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

യൂണിയന്റെ 81 ശതമാനം അംഗങ്ങളും മെട്രോലിങ്കിസിന്റെ പുതിയ നിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്യുകയും പണിമുടക്കില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായും ATU  ലോക്കല്‍ 1587 പ്രസിഡന്റ് റോബ് കോര്‍മിയര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം, ഗ്രേറ്റര്‍ ടൊറന്റോയ്ക്കും ഹാമില്‍ട്ടണ്‍ ഏരിയക്കും വേണ്ടിയുള്ള പ്രാദോശിക പൊതുഗതാഗത സേവനമായ ഗോ ട്രാന്‍സിറ്റിന്റെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മെട്രോലിങ്ക്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് മെട്രോലിങ്ക്‌സ് വക്താവ് ആന്‍ മേരി ഐക്കിന്‍സ് പറഞ്ഞു. അവരെ പിരിച്ചുവിടാനോ, പകരം മറ്റ് തൊഴിലാളികളെയോ, കരാര്‍ തൊഴിലാളികളെയോ നിയമിക്കാനോ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. സമാധാനപരമായി ചര്‍ച്ച ചെയ്താല്‍ പരിഹാരം കാണാന്‍ കഴിയുമെന്നും ഈ വാരാന്ത്യത്തില്‍ തന്നെ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഐക്കിന്‍സ് കൂട്ടിച്ചേര്‍ത്തു.