കുട്ടികള്‍ക്കുള്ള മരുന്നുകളുടെ ക്ഷാമം കാനഡയിലുടനീളം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ കാര്യമായ പരിഹാരമൊന്നും ആകാത്തതിനാല്‍ ഫാര്‍മസിസ്റ്റുകള്‍ മറ്റ് മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ പൊതുവായി ഉപയോഗിച്ച് വരുന്ന അമോക്‌സിലിന്‍ പോലുള്ള ആന്റിബയോട്ടിക്കുകളുടെ ക്ഷാമവും തുടര്‍ക്കഥയാണ്.
ശിശുരോഗ വിദഗ്ധര്‍ അമോക്‌സിലിന് കുറിച്ചുനല്‍കിയാല്‍ അത് ഫാര്‍മസിയില്‍ ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പല ഡോക്ടര്‍മാരും പറയുന്നു. നെഞ്ചിലെയും ചെവിയിലെയും അണുബാധ ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കായാണ് ഡോക്ടര്‍മാര്‍ അമോക്‌സിലിന്‍ നിര്‍ദ്ദേശിക്കുന്നത്. ഗുളിക, കാപ്‌സ്യൂള്‍ രൂപത്തിലോ ആണ് അമോക്‌സിലിന്‍ ആന്റിബയോട്ടിക് മുതിര്‍ന്നവര്‍ക്ക് നല്‍കുന്നത്. പൗഡര്‍, ലിക്വിഡ് രൂപത്തിലാണ് കുട്ടികള്‍ക്ക് അമോക്‌സിലിന്‍ നല്‍കുന്നത്.
വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധിയാണ് കുട്ടികള്‍ക്കുള്ള മരുന്നിന്റെ ക്ഷാമത്തിന് കാരണമായി പറയുന്നത്. അമോക്‌സിലിന്റെ ലിക്വിഡ്, പൗഡര്‍ രൂപത്തിലുള്ളവക്ക് ഫാര്‍മസികളില്‍ ക്ഷാമം നേരിടുന്നുണ്ട്. 2023 ജനുവരി വരെ മരുന്ന് വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് ചില മരുന്ന് നിര്‍മാണ കമ്പനികള്‍ അറിയിക്കുന്നതെന്ന് ഫാര്‍മസിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.