ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍: കാനഡയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും പടിയിറങ്ങുന്നു 

By: 600002 On: Nov 5, 2022, 8:03 AM



ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ കൂട്ടപ്പിരിച്ചുവിടലുകളാണ് ആളോളതലത്തില്‍ കമ്പനിയില്‍ നടക്കുന്നത്. ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത് ട്വിറ്ററിന്റെ കാനഡയിലെ ഓഫീസിനെയും ബാധിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ കനേഡിയന്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ബേണ്‍സും യുഎസിനും കാനഡയ്ക്കുമുള്ള ട്വിറ്റര്‍ പബ്ലിക് പോളിസി ഡയറക്ടര്‍ മിഷേല്‍ ഓസ്റ്റിനും സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്ററില്‍ നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. 

കഴിഞ്ഞ നാലര വര്‍ഷമായി ബേണ്‍സ് കമ്പനിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ട്വിറ്ററിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. 'ഈ സ്ഥാനം ഇത്രയും സവിശേഷമാക്കിയ ആളുകള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി. നിങ്ങളെയെല്ലാവരെയും വളരെയധികം സ്‌നേഹിക്കുന്നു'.  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2018 ലാണ് ബേണ്‍സ് കമ്പനിയില്‍ ചേരുന്നത്. കാനഡയിലെ ബിസിനസ്സിന്റെ പ്രധാന ജോലി ഏറ്റെടുക്കുകയും സമീപ വര്‍ഷങ്ങളില്‍ അതിന്റെ ആദ്യത്തെ കനേഡിയന്‍ എഞ്ചിനീയറിംഗ് ഹബ് സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

വളരെ വികാര നിര്‍ഭരമായാണ് തന്റെ പിരിച്ചുവിടല്‍ പ്രഖ്യാപനം ഓസ്റ്റിന്‍ നടത്തിയത്. കരിയറിലെ ഏറ്റവും മികച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം കമ്പനിയില്‍ ചെലവഴിച്ചത്. ജോലിയിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചുവെന്ന് ലിങ്ക്ഡ്ഇന്നില്‍ ഓസ്റ്റിന്‍ കുറിച്ചു. സര്‍ക്കാര്‍ കമ്മിറ്റികള്‍ക്ക് മുമ്പാകെ കമ്പനിയെ പ്രതിനിധീകരിക്കുകയും തിരഞ്ഞെടുപ്പ് നയങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്ത ഉയര്‍ന്ന സ്ഥാനമാണ് ഓസ്റ്റിന്‍ കമ്പനിയില്‍ നിര്‍വഹിച്ചുവന്നത്.