കനേഡിയന്‍ ഇക്കണോമി ഒക്ടോബറില്‍ 108,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Nov 5, 2022, 7:33 AM


രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായകമായി ഒക്ടോബര്‍ മാസത്തില്‍ 108,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരുന്ന നഷ്ടങ്ങള്‍ നികത്താന്‍ ഉതകുന്നതായി നിരീക്ഷകര്‍ പറയുന്നു. കാനഡയില്‍ കൂടുതല്‍ പേര്‍ ജോലിക്കായുള്ള അന്വേഷണത്തിലായതിനാല്‍ കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മാ നിരക്ക് 5.2 ശതമാനമായി തന്നെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ലേബര്‍ ഫോഴ്‌സ് സര്‍വേ വ്യക്തമാക്കുന്നു. നാല് മാസത്തെ തൊഴില്‍ നഷ്ടത്തിനു ശേഷമാണ് ഒക്ടോബറില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

കണ്‍സ്ട്രക്ഷന്‍, അക്കൊമഡേഷന്‍, ഫുഡ് സര്‍വീസ് തുടങ്ങിയ മേഖലകളിലെല്ലാം അവസരങ്ങള്‍ വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം മാസവും വാര്‍ഷികാടിസ്ഥാനത്തില്‍ വേതനം വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ വേതനം 5.6 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വേതനം ലഭിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേകിഷിച്ച് വേതന വളര്‍ച്ച നേടാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കഴിഞ്ഞ 12 മാസമായി, മണിക്കൂറിന് 40 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള തൊഴിലാളികളില്‍ ഏകദേശം മൂന്നില്‍ രണ്ട് പേര്‍ക്ക് വേതന വര്‍ധനവ് ലഭിച്ചു. എന്നാല്‍ മണിക്കൂറില്‍ 20 ഡോളറില്‍ താഴെ വരുമാനമുള്ള തൊളിലാളികളില്‍ പകുതി ആളുകള്‍ക്കും അവരുടെ വേതനം വര്‍ധിച്ചതായും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.