ഏര്‍ലി വോട്ടിംഗ്(നവംബർ 4 വെള്ളി) ഇന്ന് അവസാനിക്കുന്നു.

By: 600084 On: Nov 4, 2022, 5:28 PM

ഏറ്റവും ഒടുവില്‍ ലഭിച്ച വോട്ടിംഗ് കണക്കനുസരിച്ചു ടെക്‌സസ്സില്‍ ഇതിനകം 2.7 മില്യണ്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. ടെക്‌സസ്സിലെ മുപ്പതു പ്രധാന കൗണ്ടികളില്‍ 19 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടു.

2018 ല്‍ നടന്ന തിരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുമ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടിംഗിന്റെ നില മന്ദഗതിയിലാണ്. 2018-ല്‍ ഇതേസമയം 3.3 മില്യണ്‍ വോട്ടര്‍മാര്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ മുപ്പതു പ്രധാന കൗണ്ടികളില്‍ 27 ശതമാനം പേര്‍ വോട്ടു ചെയ്തിരുന്നു.

കഴിഞ്ഞ തവണ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിനെതിരെ ശക്തമായ പോരാട്ടം നടത്തിയത് ഇത്തവണ ഗവര്‍ണ്മര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെറ്റൊ റൂര്‍ക്കെയായിരുന്നു. 2022ല്‍ 10 മില്യന്‍ പേരെങ്കിലും വോട്ടുരേഖപ്പെടുത്തുമെന്നാണ് ഗവര്‍ണ്ണര്‍ ഗ്രോഗ് ഏബട്ടിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണക്കുകൂട്ടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പു ദിവസം അടുത്തുവരും തോറും ഗ്രേഗ് ഏബട്ടും- ബെറ്റൊ റൂര്‍ക്കെയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വര്‍ദ്ധിച്ചുവരികയാണ്. ബെറ്റൊ റൂര്‍ക്കെക്കു ശക്്തമായ പ്രചാരണം നടത്തുവാന്‍ കഴിഞ്ഞുവെങ്കിലും, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ സമീപനം അനുകൂലമല്ലാത്തതിനാല്‍ വിജയ പ്രതീക്ഷയില്ലാതെ റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസ് ഗ്രേഗ് ഏബട്ടിന് മൂന്നാമതൊരു അവസരം കൂടി ഗവര്‍ണ്ണര്‍ പദവി അലങ്കരിക്കുന്നതിനു നല്‍കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.