'സഹോദര സ്നേഹമെന്താണന്ന് എനിക്കോ, സഹോദരിയെ, എങ്ങനെ സ്നേഹിക്കണമെന്ന് അവനോ അറിയില്ലായിരുന്നു.' '' ന്യുജെൻ മാര്യേജ് Part-7

By: 600009 On: Nov 4, 2022, 4:30 PM

Written by, Abraham George, Chicago.

പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആനി ലോനപ്പന് ഉശിര് വെച്ചു. നാണംകെട്ടവൻ്റെ ആസനത്തിൽ ആല് മുളച്ചാൽ അത് അവനൊരു തണലെന്ന് പറഞ്ഞതു പോലെയായി അവളുടെ ഗമ. അവളെന്തിനാണ് എന്നെ കുരിശ്ശിൽ തറക്കുന്നതെന്ന് മനസ്സിലായില്ല. എന്നെക്കാൾ മുന്തിയ എത്രയോ പുരുഷന്മാരുണ്ട്. ഇത്രയും പണം കൊടുക്കാമെന്ന് പറഞ്ഞാൽ, ആരേയാണ് കിട്ടാത്തത്. അവൾക്ക് അന്തസ്സായി നടക്കാൻ ഈ കോലം കെട്ടവനെ തന്നെ വേണോ? ഇവിടത്തെ ഒരു ജോലിയല്ലാതെ, മറ്റു വരുമാനമാർഗ്ഗമൊന്നും എനിക്കില്ലായെന്ന് അവൾക്കറിയാം. കോളെജിൽ പഠിക്കുന്ന കാലത്ത് കണ്ടവൻ്റെ കുണ്ടി മാന്തി, അരപ്പട്ടിണിയായി കഴിഞ്ഞ എന്നെ മാത്രമേ, ഇപ്പോൾ അവൾ കണ്ടുള്ളൂ. എളിയവൻ്റെ തോളിൽ കയറാൻ എളുപ്പമാണന്ന് കരുതിക്കാണും, അവളുടെ താളത്തിനൊത്ത് തുള്ളുന്നവനെ. അവളുടെ ഭാവം കണ്ടാൽ കരണക്കുറ്റി നോക്കി ഒന്നു കൊടുക്കാൻ തോന്നും. എന്നെ വിലക്കെടുക്കുന്നതിൽ എന്തോ ഉദ്ദേശമുണ്ട്, അത് ഉറപ്പാണ്. അവൾ എസ്.ഐയോട് പറഞ്ഞു

"ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കാമെന്ന് ഏറ്റിരുന്നതാണ്. അതിൽ യാതൊരു തർക്കവുമില്ല. അല്ലാതെ ഞാൻ വെറുതെ അയാളുടെ ഫ്ലാറ്റിൽ പോയി തങ്ങുമോ.? എനിക്ക് ഭ്രാന്തൊന്നുമില്ല, അയാളെ തന്നെ തിരഞ്ഞെടുത്ത് പോകണമെങ്കിൽ, അതിന് തക്കതായ കാരണവും കാണും. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് കോടികളോളം രൂപ ഇനാമായി കൊടുക്കാമെന്നേറ്റതുമാണ്. നിനക്ക് ബുദ്ധിമുട്ടാണങ്കിൽ, ഒരു കുട്ടി ഉണ്ടാകുന്നതു വരെ നീ എന്നെ സഹിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. അവൻ അതിന് സമ്മതിച്ചതുമാണ്. അതിൽ എത്ര രൂപ വേണമെങ്കിലും  അഡ്വാൻസായി എടുത്തോയെന്ന് പറഞ്ഞ് കൊടുത്ത ബ്ലാങ്ക് ചെക്കാണിത്. അവൾ ചെക്ക് ലീഫ് എസ്.ഐയുടെ നേരെ നീട്ടിക്കാണിച്ചു."

എസ്.ഐ. എൻ്റെ നോക്കി ചോദിച്ചു, "സത്യമാണോയിത്, ഈ ചെക്ക് നിങ്ങൾക്ക് തന്നതാണോ? അല്ലെങ്കിൽ ഇവർ കളവ് പറയുന്നുയെന്നാണോ നിങ്ങൾ പറയുന്നത്" എസ്.ഐയുടെ ശബ്ദത്തിന് ഒരു അലറച്ചയുടെ ധ്വനിയുണ്ടായിരുന്നു.

"സത്യമാണ് സാർ"ഞാൻ പറഞ്ഞു

"പക്ഷെ വിവാഹ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ആലോചിക്കാമെന്നേ പറഞ്ഞിരുന്നുള്ളൂ. രാത്രിയിൽ കയറി വന്ന്, കുടിച്ച് ബോധമില്ലാതെ ഇതേപോലെയുള്ള നാടകം കളിച്ചാൽ, ഞാനെന്ത് ചെയ്യും. മറ്റുള്ളവരുടെ മുഖത്ത് എനിക്ക് നോക്കണ്ടെ, ഞാനെങ്ങനെ ആ ഫ്ലാറ്റിൽ ഇനി താമസിക്കും, വെറുമൊരു ആഭാസനെന്നല്ലേ എല്ലാവരും കരുതൂ. മനുഷ്യരുടെ മുമ്പിൽ നാണം കെടുത്തിയ ദുഷ്ട."

"ഒരു രാത്രി മുഴുവൻ കൂടെ പാർപ്പിച്ചിട്ട്, താൻ തടിയൂരാൻ നോക്കണോ?" എസ്.ഐ ചൂടായി.

"ഈ കേസ്സ് ഏതു വകുപ്പിൽ പെടുമെന്ന് തനിക്കറിയാമോ? പ്രേരണാകുറ്റം, പറഞ്ഞ് വഞ്ചിക്കൽ, അതു മാത്രമല്ല, കോടികൾ കൈക്കലാക്കാൻ താൻ നടത്തിയ നാടകം. വകുപ്പ് ഏതാണന്ന് ഞാൻ പറയാതെ തന്നെ തനിക്ക് അറിയാമല്ലോ?"

അയാളുടെ കന്നഡ ഭാഷ പരിഭാഷപ്പെടുത്തി തന്നത് മലയാളിയായ പോലീസുകാരനാണ്. പീലാത്തോസിൻ്റ മുന്നിൽ നിശബ്ദനായി നിന്ന കർത്താവ് ഈശോമിശിഹായെപ്പോലെ ഞാനും നിശ്ചലനായി നിന്നു പോയി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലായി. കൂട്ടുകാരായി വന്നവർ ഒന്നും പറയാതെ മാറി നിൽക്കുന്നു. അവരുപോലും എന്നെ വിശ്വസിക്കുന്നില്ല. ഇതിൽ എന്തോ കളിയുണ്ടന്നാണ് അവരുടെ ഭാവവും. ഞാൻ അവരുടെ നേരെ ദയനീയമായി നോക്കി. കുട്ടുകാർ ഒന്നും മിണ്ടാതെ നിന്നപ്പോൾ ഞാൻ അവരോട് പറഞ്ഞു

"നിങ്ങളെങ്കിലും ഞാൻ പറയണത് വിശ്വസിക്കണം. നിങ്ങൾക്കെല്ലാ സത്യവും അറിയാമല്ലോ? എന്നിട്ട് നിങ്ങളെന്താ ഒന്നും പറയാതെ നിൽക്കുന്നത്. "

ശശി പറഞ്ഞു "ഞാൻ അപ്പളെ പറഞ്ഞതല്ലേ, ഇത് തീക്കളിയാണന്ന്. ഇവിടെ നിൻ്റെ ഭാവിയാണ് ത്രാസ്സിൽ ആടുന്നത്. തെളിവുകളെല്ലാം നിനക്കെതിരാണ് ജോർജേ .. നിയമത്തിൻ്റെ മുന്നിൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. നീ തന്നെ പറ, ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന്? ഇവിടെ നിന്നെയിപ്പോൾ എങ്ങനെ ഇറക്കിക്കൊണ്ടു പോകും. എസ്.ഐ അതിന് സമ്മതിക്കുമോ? അവൾ ശക്തമായ തെളിവുകളല്ലേ നിരത്തുന്നത്. സ്ത്രീകളുടെ ഭാഗമല്ലേ കൂടുതൽ കേൾക്കൂ, എന്തായാലും നീ ചെയ്തത് പരമ പോക്രിത്തരമായിപ്പോയി. ഇനി അനുഭവിക്കുകയല്ലാതെ മറ്റൊരു വഴിയും ഞങ്ങൾ കാണുന്നില്ല. ഇവിടെ നിന്ന് ഇറങ്ങിയതിനു ശേഷം, എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ആലോചിക്കാം."

എൻ്റെ ശബ്ദം പുറത്തു വന്നില്ല. ഞാൻ അങ്ങനെയാണ്, വെറും ഭീരു. ശരീരം മുഴുവൻ വിയർത്തു. കൈകാലുകൾക്ക് വിറവൽ അനുഭവപ്പെട്ടു. എനിക്കെന്താ വേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. വിവാഹത്തിന് സമ്മതിക്കുകയല്ലാതെ മറ്റൊരു വഴിയും മുമ്പിൽ കാണുന്നില്ല. വിവാഹത്തിന് സമ്മതിച്ചില്ലായെങ്കിൽ അഴി എണ്ണേണ്ടി വരും. വകുപ്പുകൾ ഏറെയാണ് എസ്.ഐ. എണ്ണിയെണ്ണി പറയുന്നത്. എസ്.ഐ. ചോദിച്ചു...'

"നിങ്ങളീ കുറ്റങ്ങളെല്ലാം സമ്മതിച്ചോ? "

"എല്ലാം സാറ് പറഞ്ഞു കഴിഞ്ഞില്ലേ?"

ആ കുരിശ്ശെടുത്ത് വേഗം എൻ്റെ തോളത്തെക്ക് വെച്ചോ, ഞാൻ മനസ്സിൽ പറഞ്ഞു. സമ്മതം മൂളുകയല്ലാതെ വെറെ നിവർത്തിയില്ല. ആരും തനിക്കനുയോജ്യമായി പറയാനുണ്ടായില്ല. വിവാഹം നടക്കട്ടെയെന്ന് കരുതി. എല്ലാം വരുന്നൊടത്ത് വെച്ച് കാണാം. രോമം കത്രിക്കാൻ കൊണ്ടുവന്ന ചെമ്മരിയാടിനെപ്പോലെ ഞാൻ നിന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ സമ്മതപത്രം ഒപ്പുവെപ്പിച്ചു. സാക്ഷികളായി കൂട്ടുകാരെ നിർത്തി എസ്.ഐ തടിയൂരി. പിന്നീട് രണ്ടും കൽപ്പിച്ചുള്ള രജിസ്റ്റർ. ഞാൻ കിണ്ടാസ്സിലായി, ആനി സന്തോഷവധിയായി. അവൾ പിടിച്ച മുയലിന് രണ്ട് കൊമ്പ്.

അവൾ വിവാഹ രജിസ്റ്ററെല്ലാം സാധാരണ മട്ടിലേകണ്ടുള്ളൂ. അവൾക്ക് ഞാനൊരു ഭർത്താവ് ഉദ്യോഗസ്ഥൻ, അത്രേ അവൾ കരുതി കാണു. വിവാഹ രജിസ്റ്റർ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഞാൻ ആനിയോട് പറഞ്ഞു.,

" ഇതേ വരെയുള്ള നിൻ്റെ കുത്തഴിഞ്ഞ ജീവിതമെല്ലാം ഞാൻ മറക്കാം, പക്ഷെ ഇനി ആവർത്തിക്കരുത്. പുറത്തു പോയി മദ്യപിക്കരുത്, ആവശ്യത്തിന് മദ്യം വീട്ടിൽ വാങ്ങിച്ചു കൊണ്ടുവരാം, അതുപോരേ? എന്താ നിനക്ക് സമ്മതമല്ലേ..?

"നീ എന്നെ ഭരിക്കാൻ വരണ്ട, എന്താ വേണ്ടതെന്ന് വെച്ചാൽ ഞാൻ ചെയ്തോളാം. നമ്മൾ തമ്മിലുള്ള എഗ്രിമെൻ്റ് ഒരു കുഞ്ഞുണ്ടാകുന്നതുവരെയുള്ളൂ, അതെപ്പോളും ഓർമ്മ വേണം. അതു കൊണ്ട് എന്നെ കൂടുതൽ ഉപദേശിക്കാൻ വരരുത്, അതെനിക്ക് ഇഷ്ടമല്ല."

എൻ്റെ ജീവിതം കല്ലത്തായിയെന്ന് എനിക്ക് മനസ്സിലായി. ഒരു കുഞ്ഞുണ്ടാകുന്നതുവരെ സഹിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്രയൊക്കെയായിട്ടും അവളോടെനിക്ക് വെറുപ്പ് തോന്നണില്ല. ഇപ്പോളും മനസ്സിലെവിടെയോ  സ്നേഹം നിറഞ്ഞു കിടപ്പുണ്ട്. അവളെ നേരെയാക്കിയെടുക്കാൻ കഴിയുമെന്ന ചിന്തയാണിപ്പോളും ഉള്ളത്.

ജോലി ചെയ്തിരുന്ന കമ്പനിയും, ഫ്ലാറ്റും മാറാൻ തന്നെ തീരുമാനിച്ചു. ഇവിടെയിനി നിൽക്കുന്നത് നാണക്കേടായി തോന്നി. എല്ലാവരും പുച്ഛത്തോടെയിനി കാണൂ. തൽക്കാലം ജോലിക്കൊന്നും പോകാതെ ഫ്ലാറ്റിൽ തന്നെ കുത്തിയിരുന്നു. അവളുടെ ഒരോ നീക്കങ്ങളും ശ്രദ്ധിക്കലായിരുന്നു എൻ്റെ പണി. അവൾ എവിടെയെങ്കിലും പോയി, എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ ഞാൻ തൂങ്ങുമെന്ന ഭയമായിരുന്നു.

ആവശ്യത്തിനുള്ള മദ്യം വീട്ടിൽ സ്റ്റോക്ക് ചെയ്തു. മാസങ്ങൾ പലതു കഴിഞ്ഞു, അവളുടെ ആങ്ങളയെന്നു പറയുന്ന ബെന്നി ലോനപ്പൻ തിരിഞ്ഞു നോക്കിയില്ല. എനിക്കതിൽ വല്ലാത്ത അതിശയം തോന്നി. മാസം ആറായി കാണും. പെട്ടന്ന് ഒരു ദിവസം അവൾ രക്തം ഛർദ്ദിച്ചു. ഞാനാകെ പേടിച്ചു പോയി. ഉടനെ വാരിക്കോരി ഹോസ്പിറ്റലിൽ കൊണ്ടുപോയി. വിദഗ്ദ ചികിത്സ വേണമെന്ന് ഡോക്ടർ പറഞ്ഞു. ലിവർ കപ്ലയൻ്റ് ആണ്. ഇനി ലഹരി വസ്തുക്കൾ തൊട്ടു പോകരുത്. ഞാൻ ഉടൻ അവളുടെ സഹോദരൻ ബെന്നിയുടെ അടുത്തേക്ക് ഓടി. അയാളെ കണ്ടെത്താനായില്ല. ഹോസ്പിറ്റൽ ചിലവ് വർദ്ധിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് ഓർത്ത് കുഴഞ്ഞു. അവൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുണ്ട്, കുറച്ചു പൈസ ബാങ്കിൽ നിന്നും എടുത്താലോയെന്ന് ആലോചിച്ചു. അവസാനം അതു വേണ്ടായെന്നു കരുതി. പൈസ ലോൺ എടുത്ത് കാര്യങ്ങൾ നടത്തി. കാലക്രമേണ ആനി നോർമലായി. ഇത്രയും കാലത്തെ എൻ്റെ കരുതൽ അത്ഭുതത്തോടെയാണ് അവൾ കണ്ടത്.

ആനിയുടെ ജീവിതത്തിലെ ആദ്യ കുടുംബ അനുഭവമായിരുന്നു അത്. ആരെങ്കിലും തന്നെ പരിചരിക്കാനുണ്ടന്ന തോന്നലാവാണം, അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നത്. ഞാൻ അവളെ കെട്ടിപ്പിടിച്ച് പറഞ്ഞു...,

"നിനക്കൊന്നുമില്ല, നിൻ്റെ ആരോഗ്യം പൂർണ്ണമായി തിരിച്ചു കിട്ടും, കുറച്ചു ദിവസം കൂടി ഹോസ്പിറ്റലിൽ കഴിയേണ്ടി വരും."

അവൾ സന്തോഷത്തോടെ പറഞ്ഞു. "നമുക്ക് ജീവിക്കണം ജോർജേ .., നീയെന്നെ വിട്ടു പോകരുത്, എനിക്ക് നിന്നെ വേണം, ഇതേ വരെ ഞാൻ ജീവിച്ചത് ഏതോ ലോകത്താണ്, സ്നേഹം എന്താണന്ന് ഞാൻ അറിഞ്ഞിട്ടില്ല."

"ഇല്ലാ, ഞാനൊരിക്കലും നിന്നെ വിട്ടു പോകില്ല ആനി. നമ്മൾക്ക് ആർഭാട ജീവിതം വേണ്ട. ഞാൻ അങ്ങനെയാണ് ഇത്രയും കാലം ജീവിച്ചത്. ആ ജീവിതമാണ് സുരക്ഷിതം. നിനക്ക് അങ്ങനെ സഹകരിക്കാൻ കഴിയുമോ?"

"സഹകരിക്കാതെ ഇനി ഞാനെന്ത് ചെയ്യും. ഞാൻ അടിച്ചു പൊളിച്ചു നടന്നതിൻ്റെ ശിക്ഷയല്ലേയിപ്പോൾ കിട്ടിയത്. ഞങ്ങളുടെ കുടുംബം അങ്ങനെയായിരുന്നു ജോർജേ... ധാരാളം പണമുണ്ട്, അന്വേഷിക്കാനും പിടിക്കാനും ആരുമില്ല. അങ്ങനെയൊരു ജീവിതമായിരുന്നു ഞങ്ങളുടേത്. കൊക്ക് കൊണ്ടേ പഠിക്കൂയെന്ന് പറയാറില്ലേ?  ഞങ്ങളെ ആരെങ്കിലുമൊക്കെ നിയന്ത്രിക്കാനുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആവുമായിരുന്നില്ല. ബെന്നി നിയന്ത്രണം വിട്ട കളിയാണ് കളിച്ചത്. ആ സത്യം എനിക്ക് മാത്രമേ അറിയൂ. ഇപ്പോൾ സംഭവിച്ചതെല്ലാം, ഞങ്ങളെ നേർവഴിക്ക് നയിക്കാൻ ദൈവം തന്നെ ഇടപ്പെട്ടതാണ്, അതാണ് സത്യം."

അവൾ തുടർന്നു "അമ്മ നേരത്തെ മരിച്ചു പോയിരുന്നു. അതും ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതാണ്. പ്രഷർ കുറഞ്ഞു പോയതാണ് കാരണം, കുളിമുറിയിൽ മരിച്ചു കിടന്നു. മണിക്കൂറുകളോളം ആരു കണ്ടില്ല. എല്ലാം വിധിയെന്ന് പറഞ്ഞ് ആശ്വസിച്ചു. അപ്പൻ രാഷ്ട്രീയമായി ഊരുചുറ്റി നടന്നു. ഏതു നേരവും തിരുവനന്തപുരത്തായിരിക്കും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും. കേരള സോഷ്യലീസം പാർട്ടിയുടെ പ്രസിഡണ്ടായിരുന്നു അപ്പൻ. അധികമാരും അറിയപ്പെടാത്ത ഈർക്കിലി പാർട്ടി. കുറെ സമ്പാദിച്ചുകൂട്ടി. സമ്പാദ്യമാണ് ഞങ്ങളെ വഴിതെറ്റിച്ചത്. ഞാനും ബെന്നിയും എങ്ങനെയൊക്കെ വളർന്നു. ആരും ശ്രദ്ധിച്ചില്ലായെങ്കിലും വളരുമല്ലോ? ഒരു കാര്യമെനിക്ക് മനസ്സിലായി, അനധികൃതമായി സമ്പാദിച്ചുകൂട്ടിയാൽ, ആവശ്യത്തിന് അത് ഉതകില്ല. അപ്പൻ്റെ മരണവും പെട്ടന്നാണ് സംഭവിച്ചത്. ക്യാൻസർ ആയിരുന്നു. കുറെ ചികത്സിച്ചു, കീമോ ചെയ്തു, വിദേശത്തും പോയി വിദഗ്ദ ചികത്സ നേടി. എന്നിട്ടും രക്ഷ കിട്ടിയില്ല. രോഗം പടർന്ന് പിടിച്ചുവെന്നാണ് ഡോക്ടന്മാർ വിധിയെഴുതിയത്. ഒരു ദിവസം തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചു കിടന്നു. ഞങ്ങൾ അന്ന് നന്നേ ചെറുപ്പമായിരുന്നു. പിന്നെ ഞങ്ങൾ അനാഥരെപ്പോലെയാണ് വളർന്നത്. സഹോദര സ്നേഹമെന്താണന്ന് എനിക്കോ, സഹോദരിയെ, എങ്ങനെ സ്നേഹിക്കണമെന്ന് അവനോ അറിയില്ലായിരുന്നു."

-----തുടരും----------