ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗം; ജപ്പാനില്‍ അടിയന്തര മുന്നറിയിപ്പ്

By: 600021 On: Nov 3, 2022, 4:52 PM

തെക്കൻ കൊറിയയ്ക്ക് നേരെ മിസൈൽ തൊടുത്ത് വടക്കൻ കൊറിയ പ്രകോപനം നടത്തിയ സാഹചര്യത്തിൽ  ഉത്തരകൊറിയ  ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഇതേ  തുടര്‍ന്ന് മധ്യ, വടക്കൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജപ്പാന്‍ സര്‍ക്കാര്‍ അടിയന്തര മുന്നറിയിപ്പ് നൽകി .

വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണ് ജപ്പാനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയ വിക്ഷേപിച്ചതായി സംശയിക്കുന്ന ബാലിസ്റ്റിക് മിസൈൽ കണക്കിലെടുത്ത് ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസും അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കൊറിയകൾ രണ്ടായതിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്നുളള മിസൈൽ ആക്രമണം.നോര്‍ത്ത് കൊറിയ വിക്ഷേപിച്ച മിസൈലുകൾ പസഫിക് സമുദ്രത്തിൽ എവിടെയോ പതിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.തെക്കൻ കൊറിയയിലെ ഇറ്റെവോണിൽ ഹാലോവീൻ ദുരന്തത്തിന്റെ  ആഘാതം മാറും മുമ്പാണ്, വടക്കൻ കൊറിയയുടെ പ്രകോപനം.