ജീവനക്കാർക്ക് കിയ സെല്‍റ്റോസ് വാര്‍ഷികാഘോഷ  സമ്മാനമായി  നൽകി ചാലക്കുടിയിലെ ഐ.ടി. കമ്പനി

By: 600021 On: Nov 3, 2022, 4:59 PM

കമ്പനിയുടെ പത്താം വാർഷികം ആഘോഷമാക്കാൻ ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച്  ചാലക്കുടിയിലെ ഐടി കമ്പനി. ജോബിൻ ആൻഡ് ജെസ്മി ഐടി സർവീസസ് എന്ന കമ്പനിയാണ് മൊത്തം 1.20 കോടി രൂപ വിലവരുന്ന 6 കിയ സെൽറ്റോസ്  കാറുകൾ  സമ്മാനിച്ച്‌  മുതിർന്ന ജീവനക്കാരെ ആദരിച്ചത്.

സമ്മാനത്തിന് അർഹരായവർ  കമ്പനിയുടെ തുടക്കകാല മുതൽ ജോലി ചെയ്തു വരുന്നവരാണ്. രണ്ടു ജീവനക്കാരുമായി തുടങ്ങി 10 വർഷത്തിനുള്ളിൽ 200 പേരുള്ള കമ്പനിയായി ജോബിൻ ആൻഡ് ജെസ്മിയെ വളർത്തിയതിൽ ആറുപേരുടെയും പങ്ക് വിവരണാതീതമാണെന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്നോളജി ഓഫീസറുമായ എ ഐ ജിസ്മി പറഞ്ഞു. ഈ വർഷത്തെ മികച്ച ജീവനക്കാരന് റോയൽ എൻഫീൽഡ് ബുള്ളറ്റും സമ്മാനിച്ചു.

ക്ലൗഡ്സ് അധിഷ്ഠിത ഇ ആർ പി ആയ ഒറാക്കിൾ  നെറ്റ്സ്യൂട്ടിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സേവന ദാതാക്കളിൽ ഒന്നാണ്. ചാലക്കുടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്പനി. നാലുവർഷത്തിനുള്ളിൽ  ജീവനക്കാരുടെ എണ്ണം ആയിരമായി ഉയർത്തുകയാണ് ലക്ഷ്യം എന്ന് സഹസ്ഥാപകനും സിഇഒയുമായ ജോബിൻ ജോസ് പറഞ്ഞു.