യൂണിയന്‍ പണിമുടക്കുമായി മുന്നോട്ട്; ഒന്റാരിയോ ബാക്ക്-ടു-വര്‍ക്ക് ബില്‍ പാസാക്കി 

By: 600002 On: Nov 4, 2022, 11:25 AM

 

വെള്ളിയാഴ്ച വിദ്യാഭ്യാസ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് നിയമവിരുദ്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ബാക്ക്-ടു-വര്‍ക്ക് ബില്‍ പാസാക്കി. എജ്യുക്കേഷന്‍ സപ്പോര്‍ട്ട് ജീവനക്കാര്‍ക്ക് നാല് വര്‍ഷത്തെ കരാര്‍ ചുമത്തുന്ന ബില്ലാണ് പാസാക്കിയത്. 

ബില്‍ 28 ല്‍(കീപ്പിംഗ് സ്റ്റുഡന്റ്‌സ് ഇന്‍ ക്ലാസ് ആക്ട്), ജീവനക്കാര്‍ തൊഴില്‍ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് കരാര്‍ നിയമമാക്കാന്‍ പ്രത്യേക വകുപ്പ് ഉപയോഗിക്കുന്നു. തിങ്കളാഴ്ച അവതരിപ്പിച്ച ബില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പാസാക്കുകയായിരുന്നു.   

അതേസമയം, ജീവനക്കാരും ഗവണ്‍മന്റും തമ്മിലുള്ള മധ്യസ്ഥതയില്‍ ഇരുകക്ഷികളും ധാരണയിലെത്താത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയന്‍ നേരത്തെ അറിയിച്ചിരുന്നു. നിയമവിരുദ്ധമായ പണിമുടക്കിനെ ചെറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്‌സും അറിയിച്ചിരുന്നു. പണിമുടക്ക് അവസാനിപ്പിക്കാനുള്ള എല്ലാ നിയമങ്ങളും തങ്ങള്‍ ഉപയോഗിക്കുമെന്നും ലെക്‌സെ അറിയിച്ചിട്ടുണ്ട്. 

നിയമപ്രകാരം, പണിമുടക്ക് നടത്തുന്ന ജീവനക്കാര്‍ക്ക് 4,000 ഡോളര്‍ വരെയും പണിമുടക്ക് സംഘടിപ്പിക്കുന്ന യൂണിയനുകള്‍ക്ക് 500,000 ഡോളര്‍ വരെയും പിഴ ചുമത്തും.

ബില്ലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.ola.org/en/legislative-business/bills/parliament-43/session-1/bill-28   സന്ദര്‍ശിക്കുക.