കാനഡയില്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്ന യുവ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജീവിതച്ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥി വായ്പയുടെ പലിശ നീക്കം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. ഓട്ടവയില്‍ ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ തിരിച്ചടച്ചുകൊണ്ടിരിക്കുന്ന വായ്പകള്‍ ഉള്‍പ്പെടെ 2023 ഏപ്രില്‍ 1 മുതല്‍ എല്ലാ ഫെഡറല്‍ സ്റ്റുഡന്റ് ലോണിന്റെയും അപ്രന്റീസ് ലോണികളുടെയും അപ്രന്റീസ് ലോണുകളുടെയും പലിശ നിര്‍ത്തലാക്കുമെന്നും ഫ്രീലാന്‍ഡ് വ്യക്തമാക്കി.
ബിരുദധാരികളായ വിദ്യാര്‍ത്ഥികളില്‍ നിന്നും പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങള്‍ കാരണം 2021 ലെ സ്റ്റുഡന്റ് ലോണ്‍ പലിശ ശേഖരണം 2023 മാര്‍ച്ച് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പുതിയ തീരുമാന പ്രകാരം, ലോണ്‍ പലിശ രഹിതമായതിനാല്‍ പ്രതിവര്‍ഷം 410 ഡോളര്‍ വരെ ലഭിച്ചേക്കാം. ഈ വായ്പകളുടെ പലിശ ഒഴിവാക്കുന്നതിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.7 ബില്യണ്‍ ഡോളര്‍ ചലവ് പ്രതീക്ഷിക്കുന്നതായും ഫ്രീലാന്‍ഡ് അറിയിച്ചു.