ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ ഒന്റാരിയോയിലെ വിദ്യാഭ്യാസ ജീവനക്കാര്‍ വെള്ളിയാഴ്ചയ്ക്ക് ശേഷവും പണിമുടക്ക് തുടരും: യൂണിയന്‍ 

By: 600002 On: Nov 3, 2022, 2:06 PM

സര്‍ക്കാരുമായി കരാറില്‍ എത്തിയില്ലെങ്കില്‍ വെള്ളിയാഴ്ച്ക്ക് ശേഷവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പണിമുടക്ക് തുടരേണ്ടി വരുമെന്ന് ഒന്റാരിയോയിലെ വിദ്യാഭ്യാസ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ അറിയിച്ചു. 

പണിമുടക്ക് നിയമവിരുദ്ധമാക്കുന്ന നിയമനിര്‍മാണം ഉണ്ടായിരുന്നിട്ടും യൂണിയനിലെ അംഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ്(CUPE)  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളിയാഴ്ചയ്ക്ക് ശേഷവും പ്രവിശ്യാ വ്യാപകമായി പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ വ്യക്തമാക്കുന്നത് ഇതാദ്യമായാണ്. 

അതേസമയം, യൂണിയന്‍ സമരം പിന്‍വലിക്കുന്നതു വരെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്‌സെ പറഞ്ഞു. ബില്ലിന് വിരുദ്ധമായി ഇറങ്ങിപ്പോകുന്ന ജീവനക്കാരന് പ്രതിദിനം 4,000 ഡോളര്‍ വരെ പിഴ ചുമത്താം. യൂണിയന് പ്രതിദിനം 500,000 ഡോളര്‍ പിഴയും ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്.