ഒക്ടോബര്‍ മാസത്തില്‍ വാന്‍കുവറിലെ ഭവന വില്‍പ്പനയിലുണ്ടായ ഇടിവ് തുടരുന്നതായി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഗ്രേറ്റര്‍ വാന്‍കുവര്‍. മുന്‍വര്‍ഷത്തേക്കാള്‍ 45.5 ശതമാനവും സെപ്റ്റംബറില്‍ നിന്ന് 12.8 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസത്തെ വില്‍പ്പന 1,903 ആയിരുന്നു. ഇത് 10 വര്‍ഷത്തെ ഒക്ടോബറിലെ വില്‍പ്പന ശരാശരിയേക്കാള്‍ 33.3 ശതമാനം കുറവാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു. പണപ്പെരുപ്പവും വര്‍ധിച്ചു വരുന്ന പലിശനിരക്കുമാണ് ഇടിവിന് കാരണമായി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. ഇത് പല വാങ്ങലുകാരെയും വില്‍പ്പനക്കാരെയും വീട് വാങ്ങുന്നതിനോ ലിസ്റ്റ് ചെയ്യുന്നതിനോ ആശയക്കുഴപ്പത്തിലാക്കി. എങ്കിലും ലിസ്റ്റിംഗുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബോര്‍ഡിന്റെ കണക്കുകള്‍.
മെട്രോ വാന്‍കുവറിന്റെ കോമ്പോസിറ്റ് ബെഞ്ച്മാര്‍ക്ക് വില 2021 ഒക്ടോബറില്‍ നിന്ന് 2.1 ശതമാനം ഉയര്‍ന്ന് 1,148,900 ഡോളറിലാണ്. എന്നാല്‍ സെപ്റ്റംബറില്‍ നിന്ന് 0.6 ശതമാനവും കഴിഞ്ഞ ആറ് മാസത്തിനിടെ 9.2 ശതമാനവും കുറഞ്ഞുവെന്ന് ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.