രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നിലവാരം ഗണ്യമായി ഉയര്‍ത്താനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്കിടയിലും പ്രവിശ്യയ്ക്ക് പ്രതിവര്‍ഷം 50,000 ത്തിലധികം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വാ ലെഗോള്‍ട്ട്. ഫ്രഞ്ച് ഭാഷ സംരക്ഷിക്കുന്നതിന് ക്യുബെക്ക് പ്രത്യേക വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് മനസ്സിലാക്കേണ്ടതുണ്ടെന്ന് ലെഗോള്‍ട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2025 ഓടെ 500,000 പുതിയ കുടിയേറ്റക്കാരെ കാനഡ സ്വീകരിക്കുമെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
50,000 പുതിയ കുടിയേറ്റക്കാര്‍ എന്നത് പോലും ഫ്രഞ്ച് ഭാഷയുടെ തകര്‍ച്ച തടയാന്‍ പ്രയാസകരമായ സംഖ്യയാണെന്ന് ലെഗോള്‍ട്ട് പറയുന്നു.
തൊഴിലാളി ക്ഷാമം നേരിടുന്നതിനായാണ് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാദം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് ക്യുബെക്കിന് അതിന്റെ ഇമിഗ്രേഷന്‍ പരിധി വര്‍ധിപ്പിക്കാനുള്ള കഴിവ് വളരെക്കാലമായി ഉണ്ടെന്നാണ്. മോണ്‍ട്രിയലിലെയും പരിസരപ്രദേശങ്ങളിലെയും ബിസിനസ് ഉടമകളുമായി സംസാരിക്കുമ്പോള്‍ തൊഴിലാളികളുടെ ക്ഷാമം എത്ര വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അത് നേരിടേണ്ടത് എത്രത്തോളം പ്രധാനമെന്നും അവര്‍ തന്നോട് പറഞ്ഞതായി ട്രൂഡോ പറയുന്നു.
ഫെഡറല്‍ സര്‍ക്കാരുമായുള്ള ക്യുബെക്കിന്റെ ഇമിഗ്രേഷന്‍ കരാര്‍ രാജ്യത്തെ ജനസംഖ്യയ്ക്ക് തുല്യമായി ഒരു ശതമാനം പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ പ്രവിശ്യയെ അനുവദിക്കുന്നുണ്ട്.