ട്വിറ്റര്‍ ബ്ലൂ സര്‍വീസിന് മാസം 8 ഡോളര്‍ ഈടാക്കുമെന്ന് ഇലോണ്‍ മസ്‌ക് 

By: 600002 On: Nov 3, 2022, 9:24 AM

 

ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനത്തിന് മാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് ഇലോണ്‍ മസ്‌ക്. വേരിഫൈഡ് ബാഡ്ജ് ഉള്‍പ്പെടെയാണ് ഈ പാക്കേജ്. മസ്‌ക് തന്നെയാണ് നിരക്ക് പ്രഖ്യാപിച്ചത്. സേവനത്തില്‍ നിന്നുള്ള സമ്പാദ്യ മാര്‍ഗങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മാത്രവുമല്ല, പരസ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും മസ്‌ക് ലക്ഷ്യമിടുന്നു. 

ട്വിറ്ററിലൂടെയാണ് മസ്‌ക് തന്റെ പദ്ധതി പ്രഖ്യാപിച്ചത്. 'ബ്ലൂ ടിക്ക് ഉള്ളവരെയും ഇല്ലാത്തവരെയും പ്രമാണിമാരും ദാസന്മാരുമായി കാണുന്ന നിലവിലെ സംവിധാനം അസംബന്ധമാണ്. ജനം ശക്തരാവട്ടെ! ബ്ലൂ ടിക്കിന് ഇനി പ്രതിമാസം എട്ട് ഡോളര്‍'- മസ്‌ക് തന്റെ ട്വീറ്റില്‍ കുറിച്ചു. 

ഇതുവരെ പ്രമുഖരും ശ്രദ്ധേയരുമായ ആളുകള്‍ക്ക് മാത്രമാണ് വേരിഫൈഡ് ആയ ബാഡ്ജുള്ള ബ്ലൂ ടിക്ക് നല്‍കിയിരുന്നത്. മസ്‌കിന്റെ പുതിയ തീരുമാനത്തിലൂടെ മാസം എട്ട് ഡോളര്‍ നിരക്കില്‍ ആര്‍ക്കും വേരിഫിക്കേഷനും ബ്ലൂ ടിക്ക് ബാഡ്ജും ഒപ്പം ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായുള്ള അധിക ഫീച്ചറുകളും ലഭ്യമാകും.