വെള്ളിയാഴ്ച മുതല്‍ ഏകദേശം 11 മില്യണോളം കനേഡിയന്‍ പൗരന്മാര്‍ക്ക് വര്‍ധിപ്പിച്ച ജിഎസ്ടി റിബേറ്റ് ലഭിക്കാന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആറ് മാസത്തേക്ക് ചരക്ക് സേവന നികുതി ക്രെഡിറ്റ് ഔദ്യോഗികമായി ഇരട്ടിയാക്കാനുള്ള ബില്‍ സി-30 ക്ക് ഒക്ടോബര്‍ 18ന് അംഗീകാരം ലഭിച്ചതോടെയാണ് പ്രഖ്യാപനം ഉണ്ടായത്.
ഫെഡറല്‍ ഗവണ്‍മെന്റ് അറിയിക്കുന്നത് അനുസരിച്ച്, കുട്ടികളില്ലാത്ത അവിവാഹിതരായ കനേഡിയന്‍ പൗരന്മാര്‍ക്ക് 234 ഡോളര്‍ വരെ ജിഎസ്ടി റിബേറ്റ് ലഭിക്കും. രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് 467 ഡോളര്‍ വരെ അധികമായും, വയോജനങ്ങള്‍ക്ക് ശരാശരി 225 ഡോളര്‍ അധികമായും ലഭിക്കും.
ഒരു കുട്ടിയും 30,000 ഡോളര്‍ അറ്റ വരുമാനവുമുള്ള അവിവാഹിതയായ അമ്മയ്ക്ക് 2022 ജൂലൈ മുതല്‍ ഡിസംബര്‍ വരെ 386.50 ഡോളറും, 2023 ജനുവരി മുതല്‍ ജൂണ്‍ വരെ 386.50 ഡോളറും ലഭിക്കും. ജിഎസ്ടി ക്രെഡിറ്റ് തുകകള്‍ ആറ് മാസത്തേക്ക് താല്‍ക്കാലികമായി ഇരട്ടിയാക്കി 386.50 ഡോളര്‍ അധികമായി ലഭിക്കും, കൂടാതെ ആനുകൂല്യ വര്‍ഷം ഏകദേശം 1,160 ഡോളറും ലഭിക്കും.