ലോകകപ്പ്: ബീസിയില്‍ ബാറുകള്‍ക്കും പബ്ബുകള്‍ക്കും പ്രവര്‍ത്തന സമയം നീട്ടാന്‍ അനുവാദം 

By: 600002 On: Nov 2, 2022, 11:10 AM

 

കനേഡിയന്‍ ഫുട്‌ബോള്‍ ടീം 1986ന് ശേഷം ആദ്യമായി ഫിഫ ലോകകപ്പിനായി ഇറങ്ങുന്നുവെന്ന ആരാധകരുടെ സന്തോഷം ഇരട്ടിയാക്കാന്‍ മറ്റൊരു ആവേശകരമായ വാര്‍ത്ത കൂടി. ബീസിയിലെ ആരാധകര്‍ക്കായി ലോകകപ്പ് ദിവസം ബാറുകളും പബ്ബുകളും അവരുടെ വപ്രവര്‍ത്തന സമയം നീട്ടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 10 മണിക്കൂര്‍ സമയ വ്യത്യാസത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പല മത്സരങ്ങളും രാത്രി വൈകിയോ അതിരാവിലെയോയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് കൂട്ടംകൂടി മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

നവംബര്‍ 20 നും ഡിസംബര്‍ 18 നും ഇടയില്‍ അനുമതി നല്‍കിയിരിക്കുന്ന ലിക്വര്‍ പ്രൈമറി എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് അവയുടെ നിശ്ചിത പ്രവര്‍ത്തന സമയത്തിനുമപ്പുറം മദ്യം വിളമ്പരുതെന്ന മുന്നറിയിപ്പോടുകൂടി തുറന്നു പ്രവര്‍ത്തിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.

മദ്യ വില്‍പ്പനയുടെയും സര്‍വീസിന്റെയും സമയത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മൈക്ക് ഫാണ്‍വര്‍ത്ത് പ്രസ്താവനയില്‍ അറിയിച്ചു. രാത്രി വൈകി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മദ്യം ഒഴികെയുള്ള പാനീയങ്ങള്‍ വിതരണം ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യ വില്‍പ്പന അവസാനിച്ചതിനു ശേഷം ബാറുകള്‍, ക്ലബുകള്‍, പബ്ബുകള്‍ എന്നിവ ഒരു മണിക്കൂര്‍ അടച്ചിടണം. ഈ സമയത്ത് രക്ഷാധികാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

അതേസമയം, ആല്‍ബെര്‍ട്ടയിലും ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും അതിരാവിലെ മദ്യ വില്‍പ്പന നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുന്ന സമയത്ത് മദ്യം വില്‍പ്പന നടത്താമെന്ന് ആല്‍ബെര്‍ട്ട ഗെയ്മിംഗ്, ലിക്വര്‍ ആന്‍ഡ് കാനബീസ്(എജിഎല്‍സി) അറിയിച്ചു.