ബീസിയിലെ റിച്ച്മണ്ടില്‍ ടിഎച്ച്എസി കലര്‍ന്ന ഹാലോവീന്‍ മിഠായി കഴിച്ച് അസ്വസ്ഥതകളനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഹാലോവീന്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച മിഠായികള്‍ പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഹാലോവീന്‍ ദിനത്തില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മിഠായികള്‍ കുട്ടികള്‍ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് മാതാപിതാക്കള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുതിര്‍ന്നവര്‍ക്ക് കാനബീസ് പോലുള്ള ലഹരി ഉപയോഗിക്കുന്നതിനുള്ള ഒരു രീതിയാണ് പോട്ട് ഗമ്മികള്‍. എന്നാല്‍ ഇതിന്റെ ആകര്‍ഷകമായ കവറുകളും നിറങ്ങളുമെല്ലാം കുട്ടികളെ ഇത് കഴിക്കാന്‍ പ്രേരിപ്പിച്ചേക്കാം. അതിനാല്‍ മിഠായികളുടെ ലേബലുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉറപ്പാക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആബേണ്‍ ഡ്രൈവിലെ 10000 ബ്ലോക്കിലെ ഒരു സമുച്ചയത്തില്‍ ട്രിക്ക് ആന്‍ഡ് ട്രീറ്റിലൂടെ ശേഖരിച്ച മിഠായികളുമായി രോഗബാധിതയായ കുട്ടിയും മറ്റ് കുട്ടികളുമായി കളികളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ മിഠായി കഴിച്ച് മറ്റ് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് ടിഎച്ച്സി കലര്‍ന്ന മിഠായിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സമ്മാനപ്പൊതികളിലോ മറ്റോ സമാനമായ മിഠായികള്‍ കണ്ടെത്തുന്നവര്‍ 604-278-1212 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.