താല്‍ക്കാലിക വിദേശ പൈലറ്റുമാരെ നിയമിക്കാന്‍ സണ്‍വിംഗ്: ആശങ്ക പ്രകടിപ്പിച്ച് യൂണിയന്‍ 

By: 600002 On: Nov 2, 2022, 9:00 AM


കാനഡയിലെ പൈലറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി താല്‍ക്കാലിക വിദേശ ജീവനക്കാരെ നിയമിക്കുന്നതിനുള്ള സണ്‍വിംഗിന്റെ പദ്ധതിയെക്കുറിച്ച് ലേബര്‍ യൂണിയന്‍ യൂണിഫോര്‍ ആശങ്ക ഉയര്‍ത്തുന്നു. പ്രാദേശിക ജീവനക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ലൈന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് യൂണിയന്‍ വാദിക്കുന്നത്. പ്രാദേശികമായി തസ്തികകള്‍ നികത്തുന്നതിനോ കനേഡിയന്‍ പൈലറ്റുമാര്‍ക്കുള്ള പരിശീലന പരിപാടികളില്‍ നിക്ഷേപം നടത്തുന്നതിനോ സണ്‍വിംഗ് വേണ്ടത്ര നടപടികള്‍ ചെയ്തിട്ടില്ലെന്നും യൂണിയന്‍ കുറ്റപ്പെടുത്തുന്നു. 

ഈ രാജ്യത്തുള്ള പൈലറ്റുമാരെ ആകര്‍ഷിക്കാന്‍ സണ്‍വിംഗ് പൈലറ്റുമാര്‍ക്കുള്ള തസ്തികയില്‍ യൂറോപ്പില്‍ നിന്നുള്ള താല്‍ക്കാലിക വിദേശ പൈലറ്റുമാര്‍ക്ക് പ്രതിമാസം 9,500 യുഎസ് ഡോളറാണ് നിശ്ചിത ശമ്പളം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ കനേഡിയന്‍ ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രതിമാസം 5,500 യുഎസ് ഡോളര്‍ മാത്രമാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നതെന്ന് യൂണിഫോര്‍ ലോക്കല്‍ പ്രസിഡന്റ് ബാരറ്റ് അര്‍മാന്‍ പറയുന്നു. 

കുറഞ്ഞ കാലയളവിലേക്ക് താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിമാനക്കമ്പനിക്ക് കൂടുതല്‍ ചെലവ് വരുത്തിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേസമയം, ആഭ്യന്തര പൈലറ്റുമാര്‍ക്ക് പകരം താല്‍ക്കാലിക വിദേശ ജീവനക്കാരെ കമ്പനി നിയമിക്കുന്നു എന്ന യൂണിയന്റെ അവകാശവാദങ്ങളെ സണ്‍വിംഗ് അപലപിച്ചു. കാനഡയിലെ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ ചെറിയ രീതിയില്‍ വിദേശ പൈലറ്റുമാരെ നിയമിക്കാന്‍ സണ്‍വിഗ് അപേക്ഷിച്ചിട്ടുണ്ട്. ഇത് ശൈത്യകാലത്ത് സ്റ്റാഫിംഗ് ഡിമാന്‍ഡ് നിറവേറ്റാന്‍ എയര്‍ലൈനെ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്‍വിംഗ് പ്രസിഡന്റ് ലെന്‍ കൊറാഡോ പ്രതികരിച്ചു.