ന്യൂയോര്‍ക്കില്‍ വീടിന് തീപിടിച്ചു മരിച്ചവരില്‍ മൂന്നു സഹോദരങ്ങളും, പത്തു മാസമായ പെണ്‍കുഞ്ഞും

By: 600084 On: Nov 1, 2022, 4:29 PM

പി പി ചെറിയാൻ, ഡാളസ്.

ബ്രോണ്‍സ് (ന്യുയോര്‍ക്ക്) :  ഞായറാഴ്ച ബ്രോണ്‍സ് ക്വിന്‍മ്പി അവന്യുവിലുള്ള വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും 22 കാരനും  കൊല്ലപ്പെട്ടതായി  ഒക്ടോബര്‍ 31ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. യമനില്‍ നിന്ന് കുടിയേറിയവരാണ് ഈ കുടുംബാംഗങ്ങള്‍. ബ്രോന്‍സ്  ക്വിന്‍മ്പിയില്‍ ഉള്ള വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് പുകയുയരുന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങളും ഗുരുതരമായി പൊള്ളലേറ്റ മറ്റുള്ളവരെയും കണ്ടെത്തിയത്.

10 വയസ്സുള്ള ഖാലിദ് ഖലീദും, 12 വയസ്സുള്ള മുഹമ്മദ് ഖാലിദും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇവരുടെ സഹോദരന്‍ 22 വയസ്സുള്ള മുഹമ്മദ് സാലയും അഹമ്മദിന്റെ മകള്‍ 10 മാസം ഉള്ള ബറ സാലയും ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാവിനെയും (21) , നാല്‍പ്പത്തിയൊന്ന് വയസുള്ള മറ്റൊരാളെയും അഗ്‌നിശമനസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. മറ്റൊരു 21 വയസ്സുകാരനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്  തീ ആളി പിടിച്ചതോടെ പുറത്തുകടക്കാന്‍ കഴിയാത്ത  കുട്ടികള്‍ ജനലിനരികില്‍ വന്നു നിലവിളിച്ചുവെങ്കിലും സമീപവാസികള്‍ക്ക് അവിടേക്ക് അടുക്കുവാന്‍  കഴിഞ്ഞില്ല. ഇവര്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടം പൂര്‍ണമായും അഗ്‌നിയില്‍ തകര്‍ന്നുപോയി.

തീപിടുത്തത്തിന്റെ  കാരണം കണ്ടെത്താനായിട്ടില്ല. ജനുവരി മാസം ബ്രോണ്‍സിലെ  അപ്പാര്‍ട്ട്‌മെന്റിനു തീപിടിച്ചു 17 പേരാണ് കൊല്ലപ്പെട്ടത്.