ക്രൗഡ്ഷിപ്പിംഗ്: വിമാനയാത്രക്കാര്‍ക്ക് ലഗ്ഗേജില്‍ ചരക്ക് കൊണ്ടുപോകാന്‍ സംവിധാനവുമായി കനേഡിയന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി 

By: 600002 On: Nov 1, 2022, 12:14 PM


ചരക്കുകള്‍ വേഗത്തിലും കുറഞ്ഞ നിരക്കിലും കൃത്യമായി വിമാനങ്ങള്‍ വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ 'ക്രൗഡ്ഷിപ്പിംഗ്' ആശയവുമായി കനേഡിയന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. എഡ്മന്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫ്‌ളൈ ആന്‍ഡ് ഫെച്ച്'  എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ക്രൗഡ്ഷിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ വിമാനയാത്രക്കാരെ കാരിയറുകളായി ഉപയോഗിച്ചാണ് ചരക്കുകള്‍ കയറ്റിയയക്കുന്നത്. അന്താരാഷ്ട്ര ഷിപ്പിംഗിന്റെ നിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനായി യാത്രക്കാര്‍ക്ക് നിശ്ചിത തുക നല്‍കുകയും ചെയ്യും. 

അന്താരാഷ്ട്ര ഷിപ്പിംഗ് ഫീസ് ഒരു കിലോയ്ക്ക് 200 ഡോളറോ, 300 ഡോളറൊക്കെയാകാം. എന്നാല്‍ തന്റെ കമ്പനി ഒരു കിലോയ്ക്ക് 50 ഡോളര്‍ മാത്രമാണ് ചരക്ക് അയക്കുന്നവരില്‍ നിന്നും ഈടാക്കുന്നതെന്ന് കമ്പനിയുടെ സ്ഥാപക ഷെല്‍വി ഫെര്‍നാന്‍ പറയുന്നു. കാരിയര്‍മാര്‍ക്ക് അവരുടെ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ 50 മുതല്‍ 100 ശതമാനം വരെ കോംപന്‍സേഷന്‍ നല്‍കുമെന്ന് ഫെര്‍ണാന്‍ പറഞ്ഞു. 

ക്രൗഡ്ഷിപ്പിംഗ് എന്ന ബിസിനസ് മോഡല്‍ ഒരു പുതിയ ആശയമല്ല, ഡ്രൈവര്‍മാരോ യാത്രക്കാര്‍ക്കാരോ ഇതിനകം തന്നെ ഈ സംവിധാനം ഉപയോഗിച്ച് ചരക്കുകള്‍ കൈമാറാറുണ്ട്. എയര്‍മ്യൂള്‍, പീജിയണ്‍ഷിപ്പ് പോലുള്ള യുഎസ് അധിഷ്ഠിത കമ്പനികളുമായി ബന്ധപ്പെട്ടും ക്രൗഡിഷിപ്പിംഗ് നടത്തുന്നുണ്ട്. 

അതേസമയം, സുഗമമായ ഡെലിവറിക്കായി ഓരോ യാത്രക്കാരനും ചില പ്രോട്ടോകോളുകള്‍ പാലിക്കേണ്ടതുണ്ട്. മാത്രവുമല്ല, കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസിനെക്കുറിച്ച് അയക്കുന്നവര്‍ക്കും കൊറിയര്‍മാര്‍ക്കും ആശങ്കകളും ഉണ്ടാകാറുണ്ട്. ഇവ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഫെര്‍ണാന്‍ കൂട്ടിച്ചേര്‍ത്തു.