ഒന്റാരിയോയില്‍ വിദ്യാഭ്യാസ ജീവനക്കാരുടെ സമരം: വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ചിടുമെന്ന് ടിഡിഎസ്ബി 

By: 600002 On: Nov 1, 2022, 10:50 AM


രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ ബോര്‍ഡായ ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്(TDSB)  വെള്ളിയാഴ്ച വ്യക്തിഗത(in-person) ക്ലാസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. ഒന്റാരിയോയിലെ ഏകദേശം 55,000 വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായാണ് ക്ലാസുകള്‍ റദ്ദാക്കുന്നത്. വിദ്യാഭ്യാസ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ്, വെള്ളിയാഴ്ച മുതലാണ് സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

പണിമുടക്കിന്റെ സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് ടിഡിഎസ്ബി വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സ്‌കൂളുകള്‍ അടച്ചിടുകയല്ലാതെ ബോര്‍ഡിന് മറ്റ് മാര്‍ഗങ്ങളില്ലെന്ന് ബോര്‍ഡ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടവും സുരക്ഷയുമാണ് തങ്ങളുടെ മുന്‍ഗണനകള്‍. സ്‌കൂളില്‍ ജീവനക്കാരുടെ സേവനങ്ങള്‍ ഇല്ലാതെ പഠനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു. 

വ്യക്തിഗത ക്ലാസുകളൊന്നും ഉണ്ടാകില്ലെങ്കിലും ടിഡിഎസ്ബി സ്‌കൂളുകളിലെ തേര്‍ഡ് പാര്‍ട്ടി ചൈല്‍ഡ് കെയര്‍ ഓപ്പറേറ്റര്‍മാര്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 4.45 വരെ തുറന്നിരിക്കുമെന്ന് ടിഡിഎസ്ബി അറിയിച്ചു. സമരത്തെ തുടര്‍ന്ന് എല്ലാ തുടര്‍ വിദ്യാഭ്യാസ ക്ലാസുകളും റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു.