സ്‌കാര്‍ബറോയില്‍ ഹൈസ്‌കൂളിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു 

By: 600002 On: Nov 1, 2022, 8:50 AM

 

സ്‌കാര്‍ബറോയിലെ വോബേണ്‍ കൊളീജിയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് വെച്ചുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ന് സ്‌കൂളിന് മുന്‍വശത്തായിരുന്നു സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 

വെടിയേറ്റ മുറിവുകളോടെ കണ്ടെത്തിയ പുരുഷനെ ഗുരുതരമായ അവസ്ഥയില്‍ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ മറ്റൊരു ആളെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച ശേഷം എമര്‍ജന്‍സി റണ്‍ വഴി ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ടൊറന്റോ പോലീസ് സര്‍വീസ് മാധ്യമങ്ങളെ അറിയിച്ചു. 

വെടിയേറ്റ രണ്ട് പേരും കൗമാരക്കാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇരകള്‍ വോബേണ്‍ കൊളീജിയേറ്റിലെ വിദ്യാര്‍ത്ഥികളാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി, കറുത്ത ജാക്കറ്റും മാസ്‌കും ധരിച്ച കറുത്ത നിറമുള്ള പുരുഷനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ടിപിഎസ് അറിയിച്ചു.