ബീസിയില്‍ ഫാമിലി ഡോക്ടര്‍മാര്‍ക്ക് പുതിയ പേയ്‌മെന്റ് മോഡല്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

By: 600002 On: Nov 1, 2022, 8:34 AM


ബീസിയിലെ ഫാമിലി ഡോക്ടര്‍മാര്‍ക്കായി പുതിയ പേയ്‌മെന്റ് മോഡല്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. ഫിസിഷ്യന്മാരെ പ്രവിശ്യയിലേക്ക് ആകര്‍ഷിക്കുന്നതിനും അവരുടെ സേവനം നിലനിര്‍ത്തുന്നതിനും പുതിയ പേയ്‌മെന്റ് സംവിധാനം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഫാമിലി ഡോക്ടര്‍മാര്‍ക്കുള്ള ഓപ്ഷണല്‍ ബദലായി പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നിലവില്‍ നല്‍കുന്ന സേവനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വലിയ തോതില്‍ കോംപന്‍സേഷന്‍ നല്‍കുന്ന രീതിയാണിത്. ഫെബ്രുവരി മുതല്‍ പുതിയ മോഡല്‍ പ്രാബല്യത്തില്‍ വരും. പുതിയ പേയ്‌മെന്റ് മോഡല്‍ നിലവില്‍ വരുമ്പോള്‍ ഫീ-ഫോര്‍-സര്‍വീസ് സംവിധാനത്തില്‍ നിന്നും മാറി, രോഗികള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം, രോഗികളുടെ സന്ദര്‍ശനങ്ങളുടെ എണ്ണം, പ്രാക്ടീസിലുള്ള രോഗികളുടെ എണ്ണം, രോഗികളുടെ രോഗാവസ്ഥ( സങ്കീര്‍ണമാണോ അല്ലെയോ) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വേതനം നല്‍കുക. 

പുതിയ മോഡല്‍ പ്രകാരം, ഒരു ഫുള്‍ ടൈം ഡോക്ടര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 385,000 ഡോളര്‍ ലഭിക്കും. നിലവില്‍ ഇത് 250,000 ആണ്. ബീസിയിലെ ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെയാണ് പുതിയ മോഡലിന് രൂപം നല്‍കിയത്.