ഒന്റാരിയോയിലുടനീളം ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ സ്റ്റാഫുകളുടെ ക്ഷാമം മൂലമുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് നൂറുകണക്കിന് ഒഴിവുകള്‍ നികത്താനിരിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുന്നു. ഓരോ ദിവസവും ഒഴിവുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഒന്റാരിയോ നഴ്‌സസ് അസോസിയേഷന്‍(ONA) പ്രസിഡന്റ് കാതറിന്‍ ഹോയ് പറയുന്നു. വാട്ടര്‍ലൂ മേഖലയിലും ബ്രാന്റ് കൗണ്ടിയിലുമായി 400ല്‍ അധികം നഴ്‌സിംഗ് ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നഴ്‌സുമാരില്‍ കുറേപേര്‍ വിരമിക്കുന്നു, മറ്റ് ചിലര്‍ മറ്റ് പ്രവിശ്യകളിലേക്കും പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കുമായി പോകുന്നു, ചിലര്‍ നഴ്‌സിംഗ് ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ ചെയ്യാനായി പോകുന്നു... ഇങ്ങനെയാണ് നഴ്‌സുമാരുടെ ഒഴിവുകള്‍ ഉണ്ടാകുന്നത്. ഈ ഒഴിവുകളിലേക്കായി പുതുതായി ആളുകളെ പ്രവേശിപ്പിക്കാനുള്ള നടപടികളാണ് പ്രവിശ്യ കൈക്കൊള്ളേണ്ടതെന്ന് ഹോയ് കൂട്ടിച്ചേര്‍ത്തു.
വാട്ടര്‍ലൂ മേഖലയിലും ബ്രാന്റ് കൗണ്ടിയിലുമായി മൊത്തം 420 നഴ്‌സിംഗ് ഒഴിവുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഗ്രാന്‍ഡ്‌റിവര്‍ ഹോസ്പിറ്റലില്‍ 104 നഴ്‌സിംഗ് ഒഴിവുകള്‍, കിച്ചനറിലെ സെന്റ് മേരീസ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാരുടെയും സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെയും 71 ഒഴിവുകള്‍, കേംബ്രിഡ്ജ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 68, ബ്രാന്റ് കൗണ്ടിയില്‍ 178 നഴ്‌സിംഗ് ഒഴിവ് എന്നിങ്ങനെയാണ് ഈ മേഖലയിലെ ആശുപത്രികള്‍ നല്‍കുന്ന ഒഴിവുള്ള തസ്തികകളുടെ കണക്ക്.
അതേസമയം, പുതിയതും അന്തര്‍ദേശീയ തലത്തിലും പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് വേഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന പുതിയ ചട്ടങ്ങള്‍ പ്രവിശ്യയില്‍ പ്രാബല്യത്തിലുണ്ടെങ്കിലും, അവ പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്ന ആരോഗ്യപരിപാലന സംവിധാനത്തിന് പര്യാപ്തമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.