ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ആപ്പിള്‍ ഫാക്ടറിയില്‍ നിന്നും രക്ഷപ്പെട്ടോടി ജീവനക്കാര്‍ 

By: 600002 On: Oct 31, 2022, 11:36 AM

 

ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയില്‍ വീണ്ടും കോവിഡ് വ്യാപിച്ചതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ച പല കമ്പനികളില്‍ നിന്നും ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങാനുള്ള വ്യഗ്രതയിലാണ്. ഇതിനോടനുബന്ധിച്ച് ഷെങ്ഷൂ മേഖലയിലെ ആപ്പിള്‍ ഫാക്ടറിയില്‍ നിന്ന് വേലി ചാടി രക്ഷപ്പെടുന്ന ജീവനക്കാരുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫോക്‌സ്‌കോണ്‍ എന്ന പ്ലാന്റിലാണ് സംഭവം. ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും വൈറലായി കഴിഞ്ഞു. 

ഇവിടെ നിന്നും രക്ഷപ്പെടുന്ന ജീവനക്കാര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയാണ് വീടുകളിലേക്ക് മടങ്ങുന്നത്. ലോക്ഡൗണ്‍ കാരണം വാഹനങ്ങളില്ലാത്തതാണ് നടന്ന് വീട്ടിലേക്ക് പോകുന്നത്. ഭക്ഷണ ലഭ്യത ഉള്‍പ്പെടെയുള്ള ആശങ്കയാണ് ജീവനക്കാര്‍ വേലി ചാടി രക്ഷപ്പെടാന്‍ കാരണമാകുന്നത്. ആപ്പിള്‍ ഫാക്ടറിയിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെ ഒരു വിഭാഗം ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് നിലവില്‍ പ്ലാന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്.