യുകെയിലെ ഡോവറില്‍ കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഇമിഗ്രേഷന്‍ കേന്ദ്രത്തിലേക്ക് അജ്ഞാതന്‍ പെട്രോള്‍ ബോംബെറിഞ്ഞു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പെട്രോള്‍ ബോംബെറിഞ്ഞ പ്രതിയെ പിന്നീട് അടുത്തുള്ള ഗ്യാസ് സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിനു പിന്നാലെ 700 ഓളം കുടിയേറ്റക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.
പെട്രോള്‍ ബോംബ് പോലുള്ള രണ്ടോ മൂന്നോ വസ്തുക്കള്‍ അക്രമി എറിഞ്ഞതായാണ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് പിന്നീട് ഇയാളുടെ കാറില്‍ നിന്ന് സ്ഫോടന ശേഷിയുള്ള വസ്തുക്കള്‍ നിര്‍വീര്യമാക്കുകയും ചെയ്തു.
ആക്രമണത്തില്‍ കേന്ദ്രത്തിലുണ്ടായിരുന്നവര്ക്ക് നിസാര പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി കണക്കാക്കുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കെന്റ് പോലീസ് അറിയിച്ചു.