ഭൂരിഭാഗം പേരും മതവിശ്വാസികളല്ല; ഏറ്റവും സെക്യുലറായ പ്രവിശ്യയായി മാറി ബീസി 

By: 600002 On: Oct 31, 2022, 10:53 AM

 

കാനഡയിലെ ഏറ്റവും മതേതര പ്രവിശ്യയായി മാറി ബീസി. ഓരോ 10 വര്‍ഷം കൂടുമ്പോഴും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ബീസിയില്‍ ഏതെങ്കിലും മതസംഘടനയിലോ ഗ്രൂപ്പുകളിലോ ഇല്ലാത്തവരാണെന്ന് ഭൂരിഭാഗം പേരും പ്രതികരിക്കുന്നു. 2021 ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം, കാനഡയിലെ 34.6 ശതമാനം ആളുകള്‍ക്ക് മതപരമായ കാര്യങ്ങളിലൊന്നും ബന്ധമില്ല. അതേസമയം, ബീസിയില്‍ ഇത് 52.4 ശതമാനമാണ്. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ചൂണ്ടിക്കാണിക്കുന്നു. 

ബീസിയില്‍ ഭൂരിഭാഗം മാതാപിതാക്കളും മതവിശ്വാസികളല്ലാത്തവരാണ്. അതിനാല്‍ അവരുടെ മക്കളും മതേതരമായാണ് വളരുന്നത്. അവരുടെ മുന്‍ തലമുറക്കാരും മതവിശ്വാസികളല്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ബീസിയിലെ പുതിയ തലമുറ മതവിശ്വാസമില്ലാതെയാണ് ജീവിക്കുന്നതെന്ന് ബീസി ഹ്യുമനിസ്റ്റ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇയാന്‍  ബുഷ്ഫീല്‍ഡ് പറയുന്നു. ബീസിയില്‍ പുതിയ തലമുറക്കാരും, പ്രവിശ്യയിലേക്ക് പുതുതായി എത്തുന്നവരും മിക്ക കാര്യങ്ങളിലും മതം, വിശ്വാസം പോലുള്ളവ ഉപേക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, പ്രവിശ്യയില്‍ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ പിന്തുടര്‍ന്നു ജീവിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പകരം സിഖ്, ഹിന്ദു, ഇസ്ലാം വിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ബുഷ്ഫീല്‍ഡ് ചൂണ്ടിക്കാണിക്കുന്നു. 

പ്രവിശ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ അംഗസംഖ്യ കുറയുന്നതായി മതനേതാക്കളും സമ്മതിക്കുന്നുണ്ട്. ഇതിന് നിരവധി കാരണങ്ങളും അവര്‍ നിരത്തുന്നുണ്ട്. ഒന്ന് മുന്‍കാലങ്ങളില്‍ സഭ ചെയ്തിരുന്ന സാമൂഹികകാര്യങ്ങളിലെ അഭാവം. മറ്റൊന്ന് ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍മീഡിയകളുടെയും വര്‍ധിച്ച ഉപയോഗം. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന പുതിയ തലമുറയിലെ യുവാക്കള്‍ക്കിടയില്‍ മതവിശ്വാസം ഗണ്യമായി കുറഞ്ഞുവരുന്നതായാണ് കണക്കുകളും സൂചിപ്പിക്കുന്നത്.