ബലാത്സംഗ കേസുകളില്‍ സ്ത്രീകളില്‍ നടത്തുന്ന രണ്ടു വിരല്‍ പരിശോധന സുപ്രീംകോടതി വിലക്കി. പരിശോധനയ്ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കും. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ടി എഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇരട്ട വിരല്‍ പരിശോധന കൈവിരലുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഈ പരിശോധനയില്‍, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കന്യകയാണോ അല്ലയോ എന്ന് അറിയുന്നതിനായി ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ വിരലുകള്‍ ചേര്‍ത്ത് ഇരയുടെ സ്വകാര്യ ഭാഗം പരിശോധിക്കുന്നു. ഡോക്ടര്‍മാരുടെ വിരലുകള്‍ യോനിയില്‍ എളുപ്പത്തില്‍ ചലിക്കുകയാണെങ്കില്‍, സ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ ടെസ്റ്റില്‍ കന്യാചര്‍മ്മവും പരിശോധിക്കും.
ഈ പരിശോധനയ്‌ക്കെതിരെ ശക്തമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അത് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നും ഇത് അശാസ്ത്രീയമാണ്, ഇതിലൂടെ ബലാത്സംഗം നടന്നോ ഇല്ലയോ എന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.