സിഖ് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ വിധിച്ചു

By: 600084 On: Oct 29, 2022, 4:34 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ ആദ്യമായി തലപ്പാവ് ധരിക്കാൻ അനുവദിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഓഫീസർ സന്ദീപ് ധലിവാളിന്റെ കൊലയാളി റോബർട്ട് സോളിസിനെ വധശിക്ഷക്കു വിധിച്ചു.

ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ക്രിമിനൽ കോടതിയാണ് 50 കാരനായ പ്രതിയെ ശിക്ഷിച്ചത്. 30 മിനിറ്റ് നീണ്ട വാദത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. അഭിഭാഷകനില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്.

"കൊലപാതകത്തിൽ ഞാൻ കുറ്റക്കാരനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനാൽ, എനിക്ക് വധശിക്ഷ ലഭിക്കുമെന്ന് ഞാൻ കരുതുന്നു," സോളിസ് പ്രതികരിച്ചു.

2019ൽ അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിലാണ് സന്ദീപ് ധലിവാൾ കൊല്ലപ്പെട്ടത്. ഈ  കേസിൽ സോളിസ് അറസ്റ്റ് ചെയ്തു മൂന്ന് വർഷത്തിന് ശേഷമാണ് വിധി വന്നത്. 10 വർഷമായി യുഎസ് പോലീസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് ധലിവാൾ. ശിക്ഷിക്കപ്പെട്ട  പ്രതി 2002 ൽ തട്ടി കൊണ്ട് പോകൽ കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 2014 പരോളിൽ ഇറങ്ങിയശേഷം മുങ്ങി നടക്കുന്നതിനിടെ ട്രാഫിക് സ്റ്റോപ്പിനിടയിലാണ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയത്.