ഉക്രെയ്‌നിനായുള്ള ധന സമാഹരണത്തിന്റെ ഭാഗമായി പുതിയ സേവിംഗ്‌സ് ബോണ്ടുകള്‍ പുറപ്പെടുവിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. ഉക്രേനിയന്‍ കനേഡിയന്‍ കോണ്‍ഗ്രസിന്റെ മൂന്ന് ദിവസത്തെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ അധിനിവേശത്തെ അദ്ദേഹം കോണ്‍ഗ്രസില്‍ അപലപിച്ചു.
കാനഡയിലുള്ളവര്‍ക്ക് ഉക്രെയ്‌നിന്റെ സോവര്‍നിറ്റി ബോണ്ടുകള്‍ പ്രധാന ബാങ്കുകളില്‍ നിന്നും വാങ്ങാം. അത് അഞ്ച് വര്‍ഷത്തിനു ശേഷം പലിശ സഹിതം കാലാവധി പൂര്‍ത്തിയാകുമെന്ന് ട്രൂഡോ അറിയിച്ചു. ആളുകള്‍ക്ക് പരിചിതമായ കനേഡിയന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ പോലെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ബോണ്ടുകളില്‍ നിന്നും സമാഹരിക്കുന്ന പണം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വഴി ഉക്രെയ്ന്‍ സര്‍ക്കാരിന് കൈമാറും. അതിനാല്‍ പെന്‍ഷന്‍ അടയ്ക്കുന്നതും യൂട്ടിലിറ്റികള്‍ നിലനിര്‍ത്തുന്നതും ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ തുടരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ കാനഡയില്‍ 35 റഷ്യക്കാര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തിയതായി ട്രൂഡോ കോണ്‍ഗ്രസില്‍ അറിയിച്ചു. വിലക്കേര്‍പ്പെടുത്തിയവരുടെ ലിസ്റ്റില്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയായ ഗാസ്‌പ്രോമിലുള്ളവരും ഉള്‍പ്പെടുന്നുണ്ട്.