കാനഡയിലെ 'ചൈനീസ് പോലീസ് സ്‌റ്റേഷനു'കളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്‍സിഎംപി 

By: 600002 On: Oct 29, 2022, 12:37 PM

 

കാനഡയിലെ ചൈനീസ് സര്‍വീസ് സ്റ്റേഷനുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് ആര്‍സിഎംപി. സ്‌പെയിന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്‌സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ചൈനീസ് കമ്യൂണിറ്റകളിലെ മൂന്നെണ്ണം ഉള്‍പ്പെടെ ലോകമെമ്പാടും 50 ല്‍ അധികം ചൈനീസ് സര്‍വീസ് പോലീസ് സ്‌റ്റേഷനുകളുണ്ടെന്നാണ് സംഘടന പറയുന്നത്. മര്‍ഖാമിലെ ഒരു റെസിഡന്‍ഷ്യല്‍ ഹോമും ഒറ്റ നില കൊമേഴ്‌സ്യല്‍ ബില്‍ഡിംഗും സ്‌കാര്‍ബറോയിലെ ഒരു കണ്‍വീനിയന്‍സ് സ്‌റ്റോറും അതില്‍ ഉള്‍പ്പെടുന്നു. 

മിക്ക രാജ്യങ്ങളിലും ഇതൊരു വ്യക്തികളുടെ ശൃംഖലയാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് സംഘടനയുടെ കാംപെയ്ന്‍ ഡയറക്ടര്‍ ലോറ ഹാര്‍ത്ത് പറയുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇത് പൂര്‍ണമായും നിയമവിരുദ്ധമാണ്. പ്രാദേശിക പരമാധികാരത്തിന്റെ കടുത്ത ലംഘനമാണ് ഇതെന്ന് ഹാര്‍ത്ത് ചൂണ്ടിക്കാട്ടി. 

അതേസമയം, കോവിഡ് മൂലം വിദേശത്തുള്ള പല ചൈനീസ് പൗരന്മാര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ക്കായി യഥാസമയം ചൈനയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇക്കാര്യങ്ങളില്‍ സൗജന്യ സഹായം നല്‍കുക എന്നതാണ് പോലീസ് സര്‍വീസ് സ്‌റ്റേഷനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ചൈനീസ് എംബസിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഈ സര്‍വീസ് സ്‌റ്റേഷനുകളില്‍ പോലീസ് ഓഫീസര്‍മാരല്ല, ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലാത്ത പോലീസ് കേസുകളില്‍ ഉള്‍പ്പെടാത്ത സന്നദ്ധ പ്രവര്‍ത്തകരാണ് ജോലി ചെയ്യുന്നതെന്ന് എംബസി പ്രതികരിക്കുന്നു. 

എന്നാല്‍, ഈ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വ്യക്തികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന പൗരന്മാരെ ക്രിമിനല്‍ നടപടികള്‍ നേരിടാന്‍ ചൈനയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചതിന് തെളിവുകളുണ്ടെന്നാണ് സംഘടനയുടെ വാദം.