കുട്ടികളെ ബാധിക്കുന്ന റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിനെ(RSV) കുറിച്ച് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്. എഎച്ച്എസ് പറയുന്നത് അനുസരിച്ച്, കുട്ടിക്കാലത്തുണ്ടാകുന്ന സാധാരണ വൈറല്‍ അണുബാധകളില്‍ ഒന്നാണ് ആര്‍എസ്‌വി. പ്രത്യേകിച്ച് ശൈത്യകാലങ്ങളില്‍ മിക്കവാറും എല്ലാ കുട്ടികള്‍ക്കും രണ്ട് വയസ്സിന് മുമ്പ് ആര്‍എസ്‌വി രോഗം ബാധിക്കാനിടയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
കുട്ടികളില്‍ ആര്‍എസ്‌വി ലക്ഷണങ്ങള്‍ ജലദോഷത്തിന് സമാനമാണ്. എന്നാല്‍ ശിശുക്കളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും ശ്വാസകോശ സംബന്ധമായി രോഗം ഗുരുതരമാകുവാനും ന്യുമോണിയ വരെ പിടിപെട്ടേക്കാമെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്.
മിക്കവാറും സമ്പര്‍ക്കത്തിലൂടെയാണ് ആര്‍എസ്‌വി രോഗം പകരുന്നത്. രോഗം പടരാതിരിക്കാന്‍ എഎച്ച്എസ് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു:
1. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക
2. വെള്ളക്കുപ്പികള്‍, പാനീയങ്ങള്‍, ഭക്ഷണ പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പങ്കിടരുത്
3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ട് കൊണ്ട് മറച്ചുപിടിക്കുക, ടിഷ്യു ഉപയോഗിക്കുകയാണെങ്കില്‍ അത് ഉപയോഗിച്ചശേഷം കളയുക, കൈകള്‍ നന്നായി കഴുകുക.
4. അസുഖമുള്ളപ്പോള്‍ കുട്ടി കളെ സന്ദര്‍ശിക്കാതിരിക്കുക.
5. ചുമ, തുമ്മല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി എന്നിവ ഉണ്ടെങ്കില്‍ സുഖം പ്രാപിക്കുന്നത് വരെ വീട്ടില്‍ തന്നെ തുടരുക.
ആര്‍എസ്‌വിക്ക് വാക്‌സിന്‍ ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.albertahealthservices.ca/heal/heal.aspx സന്ദര്‍ശിക്കുക.