ഒന്റാരിയോയില്‍ പുതിയ ബിക്യു.1, ബിക്യു.1.1 ഒമിക്രോണ്‍ ഉപവകഭേദങ്ങളുടെ അനുപാതം പ്രബലമായ ബിഎ.5 സ്‌ട്രെയിനേക്കാള്‍ ഇരട്ടി വേഗത്തില്‍ പടരുന്നതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ. ബിക്യു ഉപവകഭേദങ്ങള്‍ സംബന്ധിച്ച് ഇതുവരെ കൂടുതല്‍ വ്യക്തത വന്നിട്ടില്ലെങ്കിലും വ്യാപന ശേഷി, അണുബാധ, വാക്‌സിന്‍ ഫലപ്രാപ്തി കുറയല്‍ എന്നിവയ്ക്ക് അപകട സാധ്യത ഏറിയേക്കാമെന്നാണ് പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിക്കുന്നത്.
അതേസമയം, വ്യാപനത്തിന്റെ വേഗതയില്‍ ആശങ്കയുണ്ടെങ്കിലും ബിക്യു വകഭേദങ്ങളെക്കുറിച്ച് ഈ ഘട്ടത്തില്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്ന് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ജെറാള്‍ഡ് ഇവാന്‍സ് പറയുന്നു. സെപ്റ്റംബര്‍ ആദ്യം മുതല്‍ ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രവിശ്യയിലെ കോവിഡ് കേസുകള്‍ പൊതുവെ സ്ഥിരതയുള്ളതാണെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.