2035 ഓടെ ഗ്യാസോലിന്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 

By: 600002 On: Oct 29, 2022, 9:18 AM

2035 ഓടെ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന നിരോധിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും തമ്മില്‍ കരാറിലെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഈ ദശാബ്ദത്തില്‍ ഹരിതഗൃഹ വാതക ഉദ്‌വമനം 55 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എക്‌സിക്യുട്ടീവ് കമ്മീഷന്‍ രൂപീകരിച്ച 'ഫിറ്റ് ഫോര്‍ 55' പാക്കേജിന്റെ ആദ്യ കരാറാണ് വ്യാഴാഴ്ച രാത്രി ഇയു ഒപ്പുവെച്ച കരാര്‍. 

കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തിനു ശേഷം 100 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനു മുമ്പ് 2030 ല്‍ വില്‍ക്കുന്ന പുതിയ കാറുകളുടെ എമിഷന്‍ 55 ശതമാനം കുറയ്ക്കാന്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെടും. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് യൂറോപ്യന്‍ പാര്‍ലമെന്റും അംഗരാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ട്. 

കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് വ്യക്തമായ നിയമനിര്‍മാണത്തിന് യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന സൂചനയാണ് യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി നല്‍കുന്നതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പരിസ്ഥിതി സമിതി അധ്യക്ഷന്‍ പാസ്‌കല്‍ കാന്‍ഫിന്‍ പറഞ്ഞു. 2050 ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിനിടെ 2035 എന്ന കാലപരിധി പോരെന്നും 2028 ഓടെ നിരോധനം പ്രാബല്യത്തില്‍ വരണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അഭിപ്രായപ്പെട്ടു.