മോചനദ്രവ്യത്തിനായി ഡാറ്റ കൈവശം വച്ചിരിക്കുന്ന കുറ്റവാളികള്‍ പണം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി ഇരകളെയോ അവരുടെ അടുത്ത ബന്ധുക്കളെയോ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി. കാനഡയിലെ ജനങ്ങളെയും ഓര്‍ഗനൈസേഷനുകളെയും 2023-24 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഭീഷണികളുള്‍പ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളാണെന്ന് സൈബര്‍ സെക്യൂരിറ്റി ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങള്‍ നേരിടുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവും വിനാശകരമായ രൂപമാണ് ഡിജിറ്റല്‍ ഫയലുകള്‍ ഹാക്ക് ചെയ്യുകയോ പണം നല്‍കുന്നത് വരെ എന്‍ക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്ന റാന്‍സംവെയര്‍ ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയുടെ ബിസിനസ് പങ്കാളികളെയോ ഇടപാടുകാരെയോ ഭീഷണിപ്പെടുത്തുന്നതിലൂടെ മോചനദ്രവ്യം നല്‍കാന്‍ തട്ടിപ്പുകാര്‍ ഇരയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഇര വേഗത്തില്‍ പണം നല്‍കുമെന്നാണ് കുറ്റവാളികള്‍ കരുതുന്നത്.
കാനഡയില്‍ ഒരു സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പ് പേയ്‌മെന്റ് ചര്‍ച്ചകള്‍ക്കിടയില്‍ ഡിനൈയല്‍ ഓഫ് സര്‍വീസ് അറ്റാക്കുകള്‍ നടത്തുന്നതായും ഇത് ഇരകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും സെന്റര്‍ വ്യക്തമാക്കുന്നു. ചൈന, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പ്രോഗ്രാമുകള്‍ കാനഡയ്ക്ക് ഏറ്റവും വലിയ സൈബര്‍ ഭീഷണിയാണെന്നും സെന്റര്‍ വിലയിരുത്തുന്നു.