ലോകാരംഭം മുതൽക്കിന്നുവരെ സാർത്ഥകമാകാത്ത പ്രണയങ്ങൾക്കായ് ഒരു ഗദ്യ കവിത - കാത്തിരിപ്പ്

By: 600007 On: Oct 28, 2022, 10:11 PM

 
കാത്തിരിപ്പ് 
(ലോകാരംഭം മുതൽക്കിന്നുവരെ സാർത്ഥകമാകാത്ത പ്രണയങ്ങൾക്കായ് ഒരു ഗദ്യ കവിത)
 
 
കെ.പ്രേംജിത്ത്
 
കൃതയുഗത്തിനും
സയനോ ബാക്ടീരി-
യകൾക്കും മുൻപ്
ഭൂഖണ്ഡങ്ങളെല്ലാം
ഒട്ടിച്ചേർന്നൊന്നായ
ഒരു കോട മഴയത്ത്..
 
രണ്ട് പ്രണയങ്ങൾ
ആയിരത്തഞ്ഞൂറു
ഗാലക്സികളുടെ
അപ്പുറത്ത് നിന്നും
ഭൂമിയിലേക്ക്
പൊട്ടി വീണു!
 
ഒരു പ്രണയം,
ആമസോണിന്റെ
പെറൂവിയൻ ചതു-
പ്പുകളിലേക്കും,
മറ്റൊന്ന് സുന്ദർബ-
നിലെ കണ്ടൽക്കാടു-
കളിലേക്കും തെറിച്ചു-
പോയ്..
 
ഒരു വിരഹം
കൊടുങ്കാറ്റും
പേമാരിയുമായ്
പെയ്തു...
 
ഭൂഖണ്ഡങ്ങളെല്ലാം
പൊട്ടിച്ചിതറി
രാഷ്ട്രങ്ങളായ്
ജനിച്ചു !
ചോര പൊടിഞ്ഞ
വിപ്ലവങ്ങൾ..
ശീത സമരങ്ങളെയും
ജനാധിപത്യത്തെയും
ഭൂമി നൊന്ത് പെറ്റു.
 
അനേകായിരം
വർഷങ്ങൾക്കും
മുൻപേ.. വേർപെട്ടു-
പോയ രണ്ടു പ്രണയങ്ങൾ
അപ്പൊഴും പരസ്പരം
തിരഞ്ഞു നടന്നു!
 
മിയാമിയിൽ നിന്നും
അൻപത് മൈൽ
അകലെയുള്ള
ഒരു പാറക്കെട്ടിലിരുന്ന്
ഒരു പ്രണയം,തൊണ്ട പൊട്ടി
ഇങ്ങനെ പാടി..
 
പ്രിയപ്പെട്ടവളേ..
അനേക സംവത്സര-
ങ്ങൾക്കും മുൻപേ..
നീല മാൻകൂട്ടങ്ങൾ
മേയുന്ന കാട്ടുപൊയ്ക-
ക്കരികിലെ പുൽമേടിലിരുന്ന്
ഇടി നാദം കേട്ട് നൃത്തം
ചെയ്യുന്ന മയൂരങ്ങൾക്കരികി-
ലിരുന്ന്,ഞാൻ നിന്നെക്കുറിച്ച്
പാടിയിരുന്നു..
 
അകലെയേതോ
പർവ്വതങ്ങളുടെ
താഴ്വാരത്തിരുന്ന്
നീയത് കേൾക്കുന്നു-
മുണ്ടായിരുന്നു..
 
എത്ര കോടി ഋതുക്കൾ
മാറി?
എത്ര സൂര്യോദയങ്ങൾ!
 
ഒരു കാട്ടുതീയായെങ്കിലും
തിരികെ വന്ന്, എന്നെ
ദഹിപ്പിക്കുക!