'ചീഫ് ട്വിറ്റ്'; ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം: തലപ്പത്ത് അഴിച്ചുപണി 

By: 600002 On: Oct 28, 2022, 12:03 PM

 

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സിഇഒ പരാഗ് ആഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് പുറത്താക്കി. പരാഗിന് പുറമെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പലപ്പോഴായി മസ്‌ക് പിന്തിരിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്നും കരാര്‍ മര്യാദകള്‍ മസ്‌ക് പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ട്വിറ്റര്‍ കോടതിയെ സമീപിച്ചു. ഈ നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയത് പരാഗ് അഗ്രവാളിന്റെ നേതൃത്വത്തിലായിരുന്നു. ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ മസ്‌ക് മനസ്സ് മാറ്റുകയും കരാര്‍ നടപ്പാക്കാനുള്ള കാലാവധി തീരുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ട്വിറ്റര്‍ ഏറ്റെടുക്കുകയുമായിരുന്നു. 

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മസ്‌ക് തന്റെ ട്വിറ്ററില്‍ 'ചീഫ് ട്വിറ്റ്' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. താനും നിക്ഷേപകരും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെങ്കിലും ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.