മാനിറ്റോബയിലെ തോംസണില്‍ വീടിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. 10 വയസ്സുള്ള പെണ്‍കുട്ടിയും ഒമ്പത്, ഏഴ്, നാല് വയസ്സ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. തോംസണിലെ ക്വീന്‍സ് ബേയിലെ 100 ബ്ലോക്കിലെ വീട്ടിലാണ് തീപിടുത്തമുണ്ടായതെന്ന് ആര്‍സിഎംപി അറിയിച്ചു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി വിവരമറിഞ്ഞ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു.
തീപിടുത്തത്തില്‍ നിന്ന് 41 വയസ്സുള്ള സ്ത്രീയെയും 62 വയസ്സുള്ള പുരുഷനെയും 13 വയസ്സുള്ള പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആര്‍സിഎംപി അറിയിച്ചു.രണ്ടാം നിലയില്‍ നാല് കുട്ടികളുണ്ടെന്ന സ്ത്രീ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ നാല് കുട്ടികളെ കണ്ടെത്തി. തീനിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ച് കുട്ടികളെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ആരംഭിച്ചതായും ആര്‍സിഎംപിയും ഫയര്‍ കമ്മീഷണറുടെ ഓഫീസും അറിയിച്ചു.