ആല്‍ബെര്‍ട്ടയിലെ സ്വകാര്യ കോളേജുകളില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന 

By: 600002 On: Oct 28, 2022, 8:17 AM

 


തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാകുന്നതും ക്രമക്കേടുകള്‍ കണ്ടെത്തുന്നതുമായ കാല്‍ഗറിയിലെ സ്വകാര്യ കരിയര്‍ കോളേജുകള്‍ക്കെതിരെ പ്രവിശ്യ നടപടികള്‍ ശക്തമാക്കണമെന്ന് ചാരിറ്റി സംഘടനയായ മൊമെന്റം. ആല്‍ബെര്‍ട്ട സര്‍ക്കാര്‍ കോളേജുകളില്‍ മേല്‍നോട്ടം വഹിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സംഘടനയാണ് മൊമെന്റം. 'ഹൈ ഹോപ്‌സ്, ഹൈ കോസ്റ്റ്‌സ്, പ്രൊട്ടക്റ്റിംഗ് സ്റ്റുഡന്റ്‌സ് അറ്റ്  പ്രൈവറ്റ് കരിയര്‍ കോളേജ്‌സ്' എന്ന തലക്കെട്ടോടെയുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ചില കോളേജുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിച്ചതായും ട്യൂഷന്‍ ചെലവുകള്‍ മറച്ചുവെച്ചതായും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ കുറഞ്ഞ തൊഴില്‍ സാധ്യതകളോടെ കടക്കെണിയിലാക്കുകയും ചെയ്തതായി ചാരിറ്റി ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 

ആല്‍ബെര്‍ട്ടയിലുടനീളം 190 സ്വകാര്യ കരിയര്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോളേജുകളില്‍ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, മെഡിക്കല്‍/ ലീഗല്‍ ഓഫീസ് അസിസ്റ്റന്‍സ്, വിവിധ തരത്തിലുള്ള ഡ്രൈവിംഗ് കോഴ്‌സുകള്‍ തുടങ്ങിയ തൊഴില്‍ സാധ്യതയുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. 

37 ഓളം പേര്‍ ഉള്‍പ്പെടുന്ന ഫോക്കസ് ഗ്രൂപ്പിനെയും പിസിസിയുടെ 4,400 നെഗറ്റീവ് ഗൂഗിള്‍ റിവ്യൂകളെയും അടിസ്ഥാനമാക്കിയാണ് മൊമെന്റത്തിന്റെ പഠനം. റിവ്യൂ അനുസരിച്ച്, ചില സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോശം കോഴ്‌സുകള്‍ക്കുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. കൂടാതെ തൊഴില്‍ സാധ്യതയുള്ള മേഖലകളിലേക്കുള്ള വിദ്യാഭ്യാസത്തിനായി വാഗ്ദാനങ്ങള്‍ക്കുമപ്പുറം കൂടുതല്‍ പണം നല്‍കേണ്ടി വന്നിട്ടുണ്ട്.