കാനഡയിലെ സമീപകാല കുടിയേറ്റക്കാരിൽ അഞ്ചിൽ ഒരാൾ ഇന്ത്യക്കാരാണെന്ന് സെൻസസ് ഡാറ്റ 

By: 600021 On: Oct 27, 2022, 6:15 PM

കാനഡയുടെ ജനസംഖ്യാ വർദ്ധനവിന്റെ പ്രധാന കാരണം കുടിയേറ്റമാണെന്നും, സമീപകാല സമീപകാല കുടിയേറ്റക്കാരിൽ അഞ്ചിൽ ഒരാൾ ഇന്ത്യക്കാരാണെന്നും (18.6%) സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട്.  2021-ലെ കണക്കുകൾ പ്രകാരം ഏകദേശം 8.3 ദശലക്ഷത്തിലധികം ആളുകൾ, അല്ലെങ്കിൽ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് പേർ (23%) കുടിയേറ്റക്കാരാണ്. 2041-ഓടെ കാനഡയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾ (29.1% മുതൽ 34.0% വരെ) കുടിയേറ്റക്കാർ പ്രതിനിധീകരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മുമ്പ്, കാനഡയിലേക്കുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും യൂറോപ്പിൽ നിന്നാണ് വന്നിരുന്നത്. എന്നാൽ  യൂറോപ്പിൽ നിന്നുള്ള സമീപകാല കുടിയേറ്റക്കാരുടെ എണ്ണം1971-ൽ 61.6% ആയിരുന്നത് 2021-ൽ 10.1% ആയി കുറഞ്ഞു.  ഇപ്പോൾ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ വരുന്നത് മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ഏഷ്യയിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിദ്യാഭ്യാസ -സാമ്പത്തിക അവസരങ്ങളും കൂടാതെ , സ്ഥിരതാമസത്തിനും പൗരത്വത്തിനും താരതമ്യേന എളുപ്പമുള്ള പദ്ധതികളും കാനഡ വാഗ്ദാനം ചെയ്യുന്നതാണ് ആളുകളെ കാനഡയിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്.  

വിവിധ ഇമ്മിഗ്രേഷൻ പ്രോഗ്രാമുകൾ വഴി ഈ വർഷം കാനഡയിലേക്ക് ഏകദേശം 431,645 പേരെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് നിലവിലെ തൊഴിലാളി ക്ഷാമം നികത്തുവാനാണ് കാനഡ ലക്ഷ്യമിടുന്നത്.