വിദേശ പൗരന്മാര്‍ക്കുള്ള നോണ്‍ റെസിഡന്റ് സ്‌പെക്യുലേഷന്‍ ടാക്‌സ് 25 ശതമാനമായി ഉയര്‍ത്തി ഒന്റാരിയോ സര്‍ക്കാര്‍  

By: 600002 On: Oct 27, 2022, 1:56 PM

 

 

വിദേശ പൗരന്മാര്‍ വാങ്ങുന്ന വീടുകളുടെ നോണ്‍ റസിഡന്റ് സ്‌പെക്യുലേഷന്‍ ടാക്‌സ് 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തിയതായി ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒന്റാരിയോയുടെ നികുതി നിരക്ക് കാനഡയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാക്കി മാറ്റിയെന്നും ഫോറിന്‍ സ്‌പെക്യുലേഷന്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ധനമന്ത്രി പീറ്റര്‍ ബെത്‌ലെന്‍ ഫാല്‍വി പറഞ്ഞു. 

മാര്‍ച്ച് മാസത്തില്‍, നോണ്‍ റെസിഡന്റ് സ്‌പെക്യുലേഷന്‍ ടാക്‌സ് 15 ശതമാനത്തില്‍ നിന്ന് 20 ആയി പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. തെക്കന്‍ ഒന്റാരിയോയിലെ ഗ്രേറ്റര്‍ ഗോള്‍ഡന്‍ ഹോഴ്‌സ്ഷൂ ഏരിയയ്ക്ക് പകരം ഇത് മുഴുവന്‍ പ്രവിശ്യയിലും വ്യാപിക്കുകയും ചെയ്തു. 

ഒന്റാരിയോയുടെ ഭവന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് നികുതി വര്‍ധനയെന്ന് മുന്‍സിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മിനിസ്റ്റര്‍ സ്റ്റീവ് ക്ലാര്‍ക്ക് പറഞ്ഞു. 10 വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ വീടുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും ക്ലാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു.