ഹാലോവീന്‍ ദിനങ്ങള്‍ വരികയായി: 'സോംബി സ്‌കാമി'നെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബെറ്റര്‍ ബിസിനസ് ബ്യൂറോ 

By: 600002 On: Oct 27, 2022, 12:33 PM

ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബീസിയിലെ മെയിന്‍ലാന്‍ഡില്‍ സോംബി സ്‌കാം എന്ന പേരില്‍ തട്ടിപ്പ് നടക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബെറ്റര്‍ ബിസിനസ് ബ്യൂറോ. കടബാധ്യതയുണ്ടെന്നും അത് തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചോ, കത്തിലൂടെയോ  തട്ടിപ്പുകാര്‍ അറിയിക്കുന്നു. പണം നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കടം ഉണ്ടാവുകയില്ല. ഇതിനെയാണ് സോംബി സ്‌കാം എന്നു പറയുന്നതെന്ന് ബിബിബി പ്രസിഡന്റ്  സിമോണ്‍ ലിസ് പറയുന്നു. 

വിശ്വാസ്യത നേടാന്‍ തട്ടിപ്പുകാര്‍ ഏതെങ്കിലും തരത്തിലുള്ള പേയ്‌മെന്റ് പ്ലാന്‍ ക്രമീകരിച്ചേക്കാം. നിയമാനുസൃതമായ ചില സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചേക്കാം. അല്ലെങ്കില്‍ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയോ ക്രെഡിറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ചെയ്‌തേക്കാം. അതിനാല്‍ ഇത് പേടിക്കേണ്ട തട്ടിപ്പാണെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ലിസ് മുന്നറിയിപ്പ് നല്‍കുന്നു. കോളുകള്‍ക്കോ കത്തുകള്‍ക്കോ മറുപടി നല്‍കരുതെന്നും ലിസ് പറഞ്ഞു. 

18 നും 24 നും, 55 നും 64 നും ഇടയില്‍ പ്രായമുള്ള ആളുകളെയാണ് തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യം വെക്കുന്നത്. നിയമാനുസൃതമായ കടം വീട്ടല്‍ എങ്ങനെയെന്ന് യുവാക്കള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്നും ലിസ് കൂട്ടിച്ചേര്‍ത്തു. 

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായി എന്നു തിരിച്ചറിഞ്ഞാല്‍ ഉടന്‍ പ്രാദേശിക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് https://www.bbb.org/scamtracker  എന്ന സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം.