കുറച്ചു വര്‍ഷങ്ങളായി ക്യുബെക്കില്‍ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരുടെ അനുപാതം കുറഞ്ഞുവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. കണക്കുകള്‍ പ്രകാരം 2016 നും 2021 നും ഇടയില്‍ പ്രവിശ്യയില്‍ സ്ഥിരതാമസമാക്കിയ പുതിയ കുടിയേറ്റക്കാരുടെ എണ്ണം 75.8 ശതമാനമാണ്. 2011നും 2016 നും ഇടയില്‍ എത്തിയ കുടിയേറ്റക്കാരില്‍ നിന്നും ഏകദേശം അഞ്ച് ശതമാനം പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ സെന്‍സസുകളില്‍, ഈ അനുപാതം 80.7 ശതമാനം(2016), 80.8 ശതമാനം(2011), 77.7 ശതമാനം(2006) എന്നിങ്ങനെയായിരുന്നു.
ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവര്‍ പുതിയ കുടിയേറ്റക്കാരുടെ ഇടയിലുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഡെമോഗ്രഫി സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എറിക് കാരോണ്‍ മലെന്‍ഫന്റ് പറയുന്നു. ഇംഗ്ലീഷോ ഫ്രഞ്ചോ അല്ലാതെ മറ്റൊരു മാതൃഭാഷയുള്ളവരാണ് അവരില്‍ പലരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 ശതമാനത്തിലധികം പേരും വീട്ടില്‍ സ്ഥിരമായി ഔദ്യോഗിക ഭാഷ സംസാരിക്കുന്നവരാണെന്ന് പ്രതികരിച്ചു. 4.5 ശതമാനം പേര്‍ മാത്രമാണ് വീട്ടില്‍ സ്ഥിരമായി ഫ്രഞ്ച് സംസാരിക്കുന്നത്.
2021 ല്‍ കാനഡയിലെ നാലില്‍ ഒരാള്‍ കുടിയേറ്റക്കാരോ സ്ഥിരതാമസക്കാരോ ആയിരുന്നു. ഇത് റെക്കോര്‍ഡാണ്. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ള G7 രാജ്യമായി കാനഡയെ മാറ്റുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. 2016 നും 2021 നും ഇടയില്‍ കാനഡയില്‍ കുടിയേറിയ 60 ശതമാനത്തിലധികവും ഏഷ്യക്കാരാണ്. പുതിയ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2016 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഫിലപ്പീന്‍സ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.