കാനഡയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ യുഎസിലേക്ക് നഴ്‌സുമാര്‍ കൂട്ടത്തോടെ പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎസില്‍ ജോലിക്കായി പോയ നഴ്‌സുമാരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. കാനഡയില്‍ ജോലിയില്‍ സംതൃപ്തരല്ലാത്ത നഴ്‌സുമാര്‍ ആവശ്യമായ പേപ്പര്‍വര്‍ക്കുകള്‍ നടത്തി യുഎസിലേക്ക് കുടിയേറുന്നു. ഇവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ച് 1,700 ആയെന്നാണ് റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒന്റാരിയോയിലെ വേതന പരിധിയില്‍ നിരാശരായ കൂടുതല്‍ നഴ്‌സുമാര്‍ മികച്ച വേതനവും ആനുകൂല്യങ്ങളും ബോണസുകളും നല്‍കുന്ന യുഎസിലെ ആരോഗ്യ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. കോവിഡ് പാന്‍ഡെമിക്കിന് ശേഷം പലര്‍ക്കും വേതനം താരതമ്യേന കുറവാണ്. ഇത് പലരെയും അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനും രാജ്യം വിടാനും പ്രേരിപ്പിക്കുന്നു. കാനഡയില്‍ ഉണ്ടാക്കാവുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം യുഎസില്‍ ജോലി ചെയ്താല്‍ ലഭിക്കുമെന്നതാണ് നഴ്‌സുമാരെ കൂടുതലായി ആകര്‍ഷിക്കുന്നതെന്ന് ടൊറന്റോ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഇന്റലിസ്റ്റാഫിലെ സാമന്ത വൈറ്റ് പറയുന്നു. കൂടാതെ സൈന്‍-ഓണ്‍ ബോണസുകള്‍, ഭവന നിര്‍മാണത്തിനും സ്ഥലംമാറ്റത്തിനുമായി 10,000 ഡോളര്‍, 20,000 ഡോളര്‍ അധിക സഹായം തുടങ്ങിയവയും ഈ പാക്കേജിന്റെ ഭാഗമാണ്.
2018 ല്‍ കാനഡയിലെ 801 നഴ്‌സുമാരാണ് യുഎസില്‍ ജോലിക്കായി താല്‍പ്പര്യം അറിയിച്ച് രേഖകള്‍ കൈമാറിയതെങ്കില്‍ 2022 ആകുമ്പോഴേക്കും പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ അപേക്ഷിച്ചിരിക്കുന്നത് 1,700 പേരാണെന്നാണ് കണക്കുകള്‍. കാനഡയിലെ ആരോഗ്യമേഖലയുടെ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വരും വര്‍ഷങ്ങളിലും നഴ്‌സുമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് തന്നെയാണ് നിരീക്ഷകരുടെ അഭിപ്രായം.