എന്താണ് ആര്‍എസ്‌വി രോഗം? ലക്ഷണങ്ങള്‍ എന്തൊക്കെ?; കുട്ടികളില്‍ പടരുന്ന ആര്‍എസ്‌വി രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാം 

By: 600002 On: Oct 27, 2022, 8:52 AM

 

കാനഡയിലുടനീളം ആശങ്ക സൃഷ്ടിച്ച് കുട്ടികളില്‍ 'ആര്‍എസ്‌വി' എന്ന വൈറസ് ബാധ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ആശുപത്രികളില്‍ ശ്വാസകോശ സംബന്ധമായ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ അണുബാധയ്ക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്(RSV)  എന്നറിയപ്പെടുന്ന ഈ രോഗം ശിശുക്കളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കുന്ന സാധാരണമായ വൈറസാണ് ആര്‍എസ്‌വി എന്ന് വിന്നിപെഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് പറയുന്നു. രണ്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ ഇത് ഗുരുതരമായേക്കാമെന്നാണ് നിഗമനം. 

യുഎസില്‍ കേസുകള്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ കാനഡയിലും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ആര്‍എസ്‌വി കേസുകളില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ അറിയിക്കുന്നു. ക്യുബെക്കിലാണ് കുത്തനെ വര്‍ധനവുണ്ടായിരിക്കുന്നത്. പ്രവിശ്യയില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഏകദേശം 13 ശതമാനമായി ഉയര്‍ന്നു. 

അതേസമയം, ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍ വൈറസ് ബാധ ഉയരുന്നത് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പും കിടക്കകളുടെ അഭാവവും എമര്‍ജന്‍സി റൂമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും രോഗബാധിതരെ ബുദ്ധിമുട്ടിലാഴ്ത്തിയതായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. 

മൂക്കൊലിപ്പ്, ചുമ, പനി, ജലദോഷം പോലുള്ള ലക്ഷണങ്ങളിലൂടെയാണ് വൈറസ് ബാധയുടെ തുടക്കം. ശരത്കാലത്തിന്റെ അവസാനം മുതല്‍ ഇത് പടര്‍ന്നു പിടിച്ചേക്കാമെന്നും പലര്‍ക്കും ചെറിയ ജലദോഷങ്ങളില്‍ തുടങ്ങുന്ന രോഗം പിന്നീട് ശ്വാസകോശത്തില്‍ ബാധിച്ച് ശ്വസനത്തിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ശിശുക്കള്‍ക്ക് ഈ രോഗം ഗുരുതരമായി ബാധിക്കും. 

സമ്പര്‍ക്കത്തിലൂടെ ആര്‍എസ്‌വി രോഗം പടരും. രോഗം ബാധിച്ച ആളില്‍ നിന്നും സാധാരണയായി മൂന്ന് മുതല്‍ എട്ട് ദിവസം വരെ ഇത് പകരാം. ദുര്‍ബലമായ പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ആര്‍എസ്‌വി പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ജലദോഷമോ പനിയോ ഉള്ള കുട്ടികളെ പരമാവധി മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിവതും മാസ്‌ക് ധരിക്കുന്നത് ഉചിതമായിരിക്കും.